ദേശീയം
ഗാംഗുലിക്ക് ഹൃദയാഘാതം; റൈസ് ബ്രാൻ ഓയിൽ പരസ്യം പിൻവലിച്ച് അദാനി ഫോർച്യൂൺ
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതിനെതുടർന്ന് സമൂഹമാധ്യമത്തിൽ വൻ വിമർശനവും പരിഹാസവും നേരിട്ട ഫോർച്യൂൺ റൈസ് ബ്രാൻ ഓയിലിന്‍റെ പരസ്യം പിൻവലിച്ചു.
ഇന്ത്യ മുഴുവന്‍ വില്‍ക്കപ്പെടുന്ന ഒരു പ്രമുഖ പാചക എണ്ണയുടെ പരസ്യത്തിലാണ് ഗാംഗുലി അഭിനയിച്ചത്. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഉത്പന്നമാണിത്.
ഓയിൽ ഉപയോഗിച്ചാൽ ഹൃദയത്തെ ആരോഗ്യപരമായി നിലനിർത്താമെന്ന് പരസ്യത്തിൽ ഗാംഗുലി പറഞ്ഞിരുന്നു. ഇതിനിടെയാണ് ഗാംഗുലിക്ക് ഹൃദയാഘാതമുണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതും. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പരസ്യം വ്യാപകമായി പരിഹസിക്കപ്പെട്ടിരുന്നു.
‘ഈ എണ്ണ ഉപയോഗിച്ചതിനുശേഷം ഹൃദയാഘാതം വന്ന ഗാംഗുലിയെ ആശുപപത്രിയില്‍ പ്രവേശിപ്പിച്ചു’, ‘എണ്ണ ഹെല്‍ത്തിയാണെന്ന് തെളിയിച്ചു. അതുകൊണ്ടാണ് ദാദ ആശുപത്രിയിലായത്’ തുടങ്ങി നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പരന്നത്. ഇതോടെ കമ്പനി ഈ പരസ്യം തന്നെ വേണ്ട എന്ന് വെയ്ക്കുകയായിരുന്നു.
ഹൃദയാരോഗ്യത്തിന് മികച്ചത് എന്നതായിരുന്നു എണ്ണയുടെ പരസ്യവാചകം. ഒയിൽ വാങ്ങാൻ ജനങ്ങളെ ഉപദേശിക്കുന്ന ആളുടെ ഹൃദയം പോലും ആരോഗ്യത്തോടെ നിലനിർത്താൻ കമ്പനിക്ക് കഴിഞ്ഞില്ലല്ലോ എന്നുള്ള ചോദ്യങ്ങളാണ് സമൂഹമാധ്യമത്തിൽ ഉയരുന്നത്. വിമർശനം ശക്തമായതോടെയാണ് ഓയിലിന്‍റെ പരസ്യം പിൻവലിക്കാൻ ഉടമകളായ അദാനി വിൽമർ തീരുമാനിച്ചത്.
Also read: കൊച്ചി – മംഗളൂരു ഗെയിൽ പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു
കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 48 കാരനായ ഗാംഗുലിയെ ശനിയാഴ്ച ആന്ജിയോപ്ലാസ്‌റ്റിക്ക് വിധേയമാക്കിയിരുന്നു. ആരോഗ്യനില വീണ്ടെടുത്ത അദ്ദേഹത്തെ ബുധനാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ‘അദ്ദേഹം ഇപ്പോൾ ആരോഗ്യവാനാണ്. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. പ്രയാസങ്ങളില്ല’ ഗാഗുലിയെ ചികിത്സിക്കുന്ന മെഡിക്കൽ ബോർഡിലെ അംഗമായ ഡോ. ബസു പറഞ്ഞു.