ആരോഗ്യം
സ്വന്തം രോഗാവസ്ഥ പറഞ്ഞ് ഫഹദ് ഫാസില്‍! എന്താണ് ADHD?
സാധാരണയായി കുട്ടികളില്‍ കണ്ടുവരുന്ന ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോഡറാണ് ADHD അഥവാ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡര്‍. തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് നടന്‍ ഫഹദ് ഫാസില്‍ തുറന്നുപറഞ്ഞതോടെയാണ് ഈ രോഗത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ വ്യാപകമാകുന്നത്. കുട്ടികളായിരിക്കുമ്പോള്‍ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാമെന്നും എന്നാല്‍ തനിക്ക് 41ാം വയസില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നുമാണ് ഫഹദ് പറഞ്ഞത്. കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഡിഎച്ച്ഡി സ്ഥിരീകരിക്കുന്നവരുടെ തലച്ചോറിലും നാഡി ശൃംഖലയിലും, നാഡി സംവേദനത്തിലും വ്യത്യാസങ്ങള്‍ ഉണ്ടെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഒരു മസ്തിഷ്‌ക രോഗാവസ്ഥ കൂടിയാണ് എഡിഎച്ച്ഡി. സ്വന്തം വികാരവും പ്രവൃത്തിയും കൈകാര്യം ചെയ്യാനുള്ള വ്യക്തിയുടെ കഴിവിനെയാണ് രോഗം ബാധിക്കുന്നത്. രോഗബാധിതര്‍ക്ക് തങ്ങളുടെ പെരുമാറ്റം നിയന്ത്രിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. കൂടാതെ ഏകാഗ്രതയോടെയിരിക്കാന്‍ കഴിയാതെ വരിക, ഓവര്‍ ആക്ടിവിറ്റി നിയന്ത്രിക്കാന്‍ കഴിയാതെ വരിക എന്നീ പ്രശ്‌നങ്ങളും ഇക്കൂട്ടര്‍ നേരിടുന്നുണ്ട്.
ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന കുട്ടികളെ വളരെ ചെറുപ്പത്തില്‍ തന്നെ ചികിത്സിക്കാവുന്നതാണ്. ഈയവസ്ഥ ചിലപ്പോള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട്. ഇതിനെല്ലാം പര്യാപ്തമായ ചികിത്സ നിലവില്‍ ലഭ്യമാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ രോഗം മൂര്‍ച്ഛിക്കാനും ജീവിതകാലം മുഴുവന്‍ രോഗലക്ഷണങ്ങളുണ്ടാകാനും സാധ്യതയുണ്ട്.
സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യുഎസിലെ 2-17 വയസ്സുവരെ പ്രായമുള്ള 11 ശതമാനം കുട്ടികളിലും എഡിഎച്ച്ഡി സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ 7.2 ശതമാനം കുട്ടികളാണ് എഡിഎച്ച്ഡി സ്ഥിരീകരിച്ചത്.
എഡിഎച്ച്ഡി- പ്രധാന വകഭേദങ്ങള്‍
നിലവില്‍ എഡിഎച്ച്ഡിയില്‍ നാല് തരത്തിലുള്ള വകഭേദങ്ങളാണുള്ളത്. നിങ്ങളുടെ കുട്ടികളില്‍ കാണുന്ന രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവയെ നാലായി തിരിച്ചിരിക്കുന്നത്.
പ്രിഡോമിനന്റിലി ഇന്‍ അറ്റന്റീവ് പ്രസന്റേഷന്‍: ഈ ലക്ഷണം പ്രകടമാക്കുന്ന കുട്ടികളില്‍ ഇന്‍അറ്റന്റീവ് എഡിഎച്ച്ഡിയാണ് സ്ഥിരീകരിക്കുക. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഡിസോര്‍ഡര്‍ എന്നാണ് മുമ്പ് ഈ വകഭേദത്തെ വിളിച്ചിരുന്നത്. ഈ രോഗമുള്ളവര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാകും. കൂടാതെ ഇവര്‍ക്ക് വളരെ കുറഞ്ഞ അളവില്‍ മാത്രമെ ഹൈപ്പര്‍ ആക്ടിവിറ്റി ഉണ്ടായിരിക്കുകയുള്ളൂ.
പ്രിഡോമിനന്റിലി ഹൈപ്പര്‍ ആക്ടീവ് -ഇംപള്‍സീവ് പ്രസന്റേഷന്‍: ഈ ലക്ഷണം പ്രകടമാക്കുന്ന കുട്ടികള്‍ ഹൈപ്പര്‍ ആക്ടീവ് ആയിരിക്കും. അവര്‍ക്ക് ഒരിടത്ത് അടങ്ങിയിരിക്കാനെ കഴിയില്ല. എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന ഇവര്‍ അസാധ്യമായ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കും. ഒന്നും ചിന്തിക്കാതെ മറ്റുള്ളവരുടെയിടയിലേക്ക് ഇടിച്ചുകയറുന്ന ശീലമുണ്ടായിരിക്കും ഇവര്‍ക്ക്. കുറച്ചുകൂടി മുതിര്‍ന്ന കുട്ടികളിലാണ് ഈ വകഭേദം കണ്ടുവരുന്നത്.
കമ്പൈന്‍ഡ് പ്രസന്റേഷന്‍: മേല്‍പ്പറഞ്ഞ ഈ രണ്ട് വകഭേദങ്ങളില്‍ നിന്നുള്ള ആറ് ലക്ഷണങ്ങള്‍ കാണിക്കുന്നവരാണ് ഈ വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍. അലസമായിരിക്കല്‍, ഹൈപ്പര്‍ ആക്ടിവിറ്റി-ഇംപള്‍സിവിറ്റി ഇതെല്ലാം ഒരുപോലെ കാണിക്കും ഇവര്‍. ഈ ലക്ഷണങ്ങളാണ് പലപ്പോഴും ആളുകള്‍ എഡിഎച്ച്ഡിയായി തിരിച്ചറിയുന്നത്. രോഗം സ്ഥിരീകരിക്കുന്ന 70 ശതമാനം പേരിലും എഡിഎച്ച്ഡിയുടെ ഈ വകഭേദമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അണ്‍സ്‌പെസിഫൈഡ് പ്രസന്റേഷന്‍: ഈ വകഭേദത്തില്‍ കുട്ടികളില്‍ സാരമായ പ്രവര്‍ത്തന വൈകല്യം പ്രകടമാകുമെങ്കിലും എഡിഎച്ച്ഡിയുടെ മേല്‍പ്പറഞ്ഞ വകഭേദങ്ങളുടെ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇവരില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. ഇത്തരം സാഹചര്യങ്ങളില്‍ വിദഗ്ധര്‍ ഈ വിഭാഗത്തെ അണ്‍സ്‌പെസിഫൈഡ് എഡിഎച്ച്ഡിയായി മുദ്രകുത്തും.