കേരളം
ഇരട്ടയടി, ജനങ്ങൾക്ക് അടുത്ത ഷോക്ക്! ഇലക്ട്രിസിറ്റി സബ്സിഡിയും സർക്കാർ റദ്ദാക്കി
വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ അടുത്ത ഷോക്കായി ഉപഭോക്താക്കൾക്ക് നൽകിവന്ന സബ് സിഡിയും സർക്കാർ റദ്ദാക്കി. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് നൽകിവന്ന സബ് സിഡിയാണ് പിൻവലിച്ചത്. എല്ലാ വർഷവും നിരക്ക് കൂട്ടേണ്ടിവരുമെന്നും ജനങ്ങൾ അതിന് തയ്യാറെടുക്കണമെന്നുമാണ് വൈദ്യുതിമന്ത്രിയുടെ മുന്നറിയിപ്പ്.
ഇരുട്ടടിയല്ല. ഇരട്ടയടി തന്നെയാണ് ജനത്തിന് നേരിടേണ്ടി വരിക. യൂണിറ്റിന് 20 പൈസ മാത്രമല്ലേ കൂട്ടിയതെന്ന് പറഞ്ഞായിരുന്നു സർക്കാറിന്റെ വിശദീകരണം. പക്ഷെ നിരക്കും ഫിക്സഡ് ഡെപ്പോസിറ്റും കൂട്ടിയതിനൊപ്പം ഒന്ന് കൂടി നടുവൊടിച്ചാണ് സബ്സിഡിയിലും സക്കാര്‍ കൈവെച്ചത്. 10 വർഷത്തോളമായി നൽകിവന്ന സബ് സിഡിയാണ് എടുത്തുകളഞ്ഞത്. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 85 പൈസയായിരുന്നു ശരാശരി സബ് സിഡി.
ആദ്യത്തെ 40 യൂണിറ്റിന് 35 പൈസാ സബ് സിഡി, പിന്നെ 41 മുതൽ 120 യൂണിറ്റ് വരെ 50 പൈസ എന്ന നിരക്കിലായിരുന്നു ആശ്വാസം. മാസം കുറഞ്ഞത് 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് ശരാശരി 44 രൂപയോളം കിട്ടിയ സബ് സിഡിയാണ് ഇല്ലാതാക്കിയത്. അതായത് പുതിയ നിരക്ക് വർദ്ധനവ് 40 യൂണിറ്റിന് മുകളിൽ മാത്രമെന്ന് സർക്കാർ പറയുമ്പോൾ സബ് സഡി കട്ടാക്കിയത് വഴി ആ വിഭാഗങ്ങൾക്കും കിട്ടി കനത്ത പ്രഹരം. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 10 രൂപ അധികം നൽകേണ്ട സ്ഥിതി. ഇവിടെയും തീരുന്നില്ല പ്രതിസന്ധി.
2023 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കാക്കി ബോർഡിനുള്ള നഷ്ടം നികത്താനാണ് ചാർജ്ജ് കൂട്ടിയത്. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടിയിരുന്ന ദീർഘകാല കരാർ റദ്ദാക്കിയത് മെയിലാണ്. അത് വഴിയുള്ള നഷ്ടം തീർക്കാൻ വൻതുകക്കായിരുന്നു പുറത്ത് നിന്നും വൈദ്യുതി വാങ്ങിയത്. പ്രതിദിന നഷ്ടം തന്നെ പത്ത് കോടി. ഇപ്പോൾ തിരുത്തിയ ആ തലതിരിഞ്ഞ തീരുമാനം വഴിയുള്ള നഷ്ടം നികത്താനുള്ള അധിക ചാർജ്ജ് അടുത്ത വർഷത്തെ കൂട്ടലിൽ വരാനിരിക്കുന്നു.