പ്രവാസി വാർത്തകൾ
വിദേശികൾക്ക് സൗദിയിൽ താൽക്കാലിക വിലക്ക്; ഞെട്ടലില്‍ ഇന്ത്യക്കാര്‍
ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീങ്ങിയേക്കുമെന്ന പ്രതീക്ഷക്കിടെ യുഎഇ വഴിയുള്ള യാത്രയും വിലക്കിയതോടെ ഇന്ത്യക്കാരുടെ സൗദി യാത്ര അനിശ്ചിതത്വത്തില്‍.
ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. വിദേശ നയതന്ത്രജ്ഞർ, ആരോഗ്യ പരിശീലകർ, അവരുടെ കുടുംബങ്ങൾ എന്നിവരടക്കമുള്ളവർക്കും വിലക്ക് ബാധകം. ബുധനാഴ്ച രാത്രി ഒമ്പത് മണി മുതൽ പ്രാബല്യത്തിലാവും. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
യു.എ.ഇ, ജർമ്മനി, അമേരിക്ക, ഇന്തോനേഷ്യ, ഇറ്റലി, പാക്കിസ്ഥാൻ, ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, ഫ്രാൻസ്, ലെബനൻ, ഈജിപ്ത്, ജപ്പാൻ, അർജന്റീന, അയർലൻഡ്, ബ്രസീൽ, പോർച്ചുഗൽ, തുർക്കി, സ്വീഡൻ, സ്വിസർലാൻഡ് എന്നിവയാണ് നിരോധനം ഏർപ്പെടുത്തിയ മറ്റു രാജ്യങ്ങൾ. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിലും ഈ രാജ്യങ്ങളിലൂടെ 14 ദിവസം ക്വാറന്റൈനിൽ ചിലവഴിച്ചു സൗദിയിലേക്ക് വരുന്നവർക്കും വിലക്ക് ബാധകമാണ്.
നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ഇന്ത്യക്കാർ ദുബായിലെത്തി 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാണ് സൗദിയിലെത്തിയിരുന്നത്. എന്നാല്‍ 20 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് താത്കാലികമായി സൗദി ആഭ്യന്തരമന്ത്രാലയം അനിശ്ചിതകാല യാത്രാവിലക്കേര്‍പ്പെടുത്തിയതോടെ നിലവില്‍ ദുബായിലെത്തിയ ഇന്ത്യക്കാരുടെ സൗദി യാത്ര പ്രതിസന്ധിയിലായി.
യുഎഇയിലെത്തിയവര്‍ക്കും യുഎഇയിലൂടെ സഞ്ചരിച്ചവര്‍ക്കുമെല്ലാം വിലക്കില്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചാല്‍ മാത്രമേ ഇനി സൗദിയിലെത്താനാവുകയുള്ളൂ. യുഎഇയിലെത്തി 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് മുമ്പ് സൗദിയിലെത്തിയാല്‍ പ്രവേശനം ലഭിക്കും. അല്ലെങ്കില്‍ വിലക്ക് നീങ്ങുന്നത് വരെ ദുബായില്‍ കഴിയുകയോ ഇന്ത്യയിലേക്ക് തിരിച്ചുപോവുകയോ ചെയ്യണം.
ജിസിസി രാജ്യങ്ങളില്‍ യുഎഇ വഴി മാത്രമുള്ള യാത്ര മാത്രമാണ് ഇപ്പോള്‍ തടസ്സപ്പെട്ടിരിക്കുന്നത്. മറ്റു ജിസിസി രാജ്യങ്ങളിലൂടെയും മാലിദ്വീപ് അടക്കമുള്ള രാജ്യങ്ങളിലൂടെയുമൊക്കെ ഇന്ത്യക്കാര്‍ക്ക് സൗദിയിലെത്താം. ഇവിടങ്ങളില്‍ 14 ദിവസം കഴിയണമെന്ന് മാത്രം.
കോവിഡ് വകഭേദം കാണപ്പെട്ടതും കോവിഡ് വ്യാപനം വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമായ ഏതാനും രാജ്യക്കാര്‍ക്ക് സൗദി അറേബ്യ നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ദുബൈയില്‍ 14 ദിവസം കഴിഞ്ഞാണ് സൗദിയിലെത്തിയിരുന്നത്.
നിരവധി രാജ്യക്കാര്‍ ഇപ്പോള്‍ യുഎഇയില്‍ കഴിയുന്നുണ്ട്. അവരെല്ലാം പുതിയ വിലക്കിന്റെ ഞെട്ടലിലാണ്. എത്രയും പെട്ടന്ന് ഇന്ത്യ ഗവൺമെൻ്റിൻ്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.