ആരോഗ്യം
കേരളത്തിൽ ജനുവരി 15 ഓടെ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
കേരളത്തിൽ ജനുവരി 15 ഓടെ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്.
ജനുവരി പകുതിയോടെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 9000 വരെ കൂടാനാണ് സാധ്യത. ചികിത്സയിലുള്ളവരുടെ എണ്ണം 90,000 വരെ ആയേക്കാമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
പ്രതിദിന മരണനിരക്ക് 0.5 ആയി ഉയർന്നേക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകനയോഗത്തിൽ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പും സ്കൂളുകളും കോളെജുകളും തുറക്കുന്നതുമൊക്കെ കൊവിഡ് വ്യാപനം വർധിക്കാൻ കാരണമാകുമെന്നാണ് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നത്. കൊവിഡ് ബാധിതരെ കണ്ടെത്താനുള്ള ആർടിപിസിആർ പരിശോധന കുറയ്ക്കാനും ആന്‍റിജൻ കൂട്ടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.
ആന്‍റിജൻ ടെസ്റ്റുകൾക്കു മികച്ച ഫലപ്രാപ്തിയുണ്ടെന്ന വകുപ്പിന്‍റെ വിലയിരുത്തലിനെത്തുടർന്നാണ് ഇത്. നിലവിൽ ശരാശരി 65,000 പേരാണ് ഒരേസമയം ചികിത്സയിലുള്ളത്. 0.4 ശതമാനമാണ് ഇപ്പോൾ കേരളത്തിലെ മരണനിരക്ക്.
ഔദ്യോഗിക കണക്കനുസരിച്ചു 3141 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തിക്കു ശേഷം ഗുരുതരാവസ്ഥയിലേയക്ക് പോയി മരിക്കുന്നതും മററ് ഗുരുതര അസുഖങ്ങളുളളവര്‍ കോവിഡ് ബാധയേത്തുടര്‍ന്ന് മരിക്കുന്നതും കണക്കിലില്ല. വീടുകളില്‍ കഴിയുന്ന പ്രായാധിക്യമുളളവര്‍ക്കും അസുഖബാധിതര്‍ക്കും രോഗം ബാധിക്കാനുളള സാധ്യതയും കൂടുകയാണ്.
ആന്റിജൻ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്. വൈറസ് ബാധയേൽക്കാൻ സാദ്ധ്യത കൂടുതലുള്ളവരെ ആന്റിജൻ പരിശോധനയും, നെഗറ്റീവ് ആയിട്ടും രോഗലക്ഷണമുള്ളവർക്ക് ആർടിപിസിആർ പരിശോധനയും നടത്തും.
വൈറസിന്റെ രണ്ടാംഘട്ട വ്യാപനത്തിന്റെ സാദ്ധ്യതകൾ കണ്ടെത്താനും, പ്രതിരോധിക്കാനുമായി ആരോഗ്യ വകുപ്പ് സാന്ദ്രതാ പഠനം നടത്തും. 18 വയസിനു മുകളിലുള്ള 12,100 പേരിലാണ് പഠനം നടത്തുക.