ആരോഗ്യം
കൊറോണ വൈറസ് വായുവിലൂടെയും പടരുന്നുവെന്ന് പുതിയ കണ്ടെത്തൽ
ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും കൊറോണ ആശുപത്രികളിൽ നടത്തിയ പരിശോധനയിലാണ് വായുവിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത് വൈറസിന്റെ മറ്റൊരു വ്യതിയാനമാണോ എന്ന കാര്യത്തിലും സംശയമുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം.
ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്കുലാർ ബയോളജിയിലും (സിസിഎംബി) ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയൽ ടെക്‌നോളജിയിലുമാണ് (ഐഎംടി) ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും വിവിധ കൊറോണ ആശുപത്രി വാർഡുകളിൽ വൈറസ് കണങ്ങളെ ശേഖരിക്കാൻ കഴിയുന്ന ഒരു എയർ സാംപ്ലർ ഉപയോഗിച്ചു, തുടർന്ന് ആർടിപിസിആർ ഉപയോഗിച്ച് കൊറോണ വൈറസ് സാന്നിധ്യം പരിശോധിച്ചു. “ഈ പഠനത്തിൽ, ആശുപത്രികളിലെ കോവിഡ് -19 വാർഡുകളിൽ നിന്നുള്ള വായു സാമ്പിളുകളിൽ നിന്നാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
കൊറോണ രോഗബാധിതരുടെ രണ്ട് മീറ്റർ ചുറ്റളവിലുള്ള വായുവിൽ വൈറസിന്റെ സാന്നിധ്യമുള്ളതായി തെളിഞ്ഞിരിക്കുന്നു. എസിയും ഫാനുമുള്ള മുറികളിലാണ് വൈറസ് വ്യാപനം നടക്കുന്നതെന്ന് സിസിഎംബി ഡയറക്ടർ രാകേഷ് മിശ്ര അറിയിച്ചു.
രോഗം വായുവിലൂടെ പടരുന്നത് ഒരു പുതിയ കണ്ടെത്തൽ ആണെന്നും വ്യാപനം തടയാൻ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ഐഎംടി ഡയറക്ടർ സഞജീവ് കോശ്ല പറഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കാൻ ജാഗ്രതാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
സിസിഎംബിയും ഐഎംടെക്കും നടത്തിയ പഠനം കോവിഡ് -19 പകർച്ചവ്യാധി തടയുന്നതിന് ഇതിനകം തന്നെ നിലവിലുള്ള കോവിഡ് -19 പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രാധാന്യം ശക്തിപ്പെടുത്തുന്നതാണ്.
അതേസമയം രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച് കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. നിലവിൽ 71 പേരിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.