ആരോഗ്യം
കൊറോണ പ്രതിരോധ മരുന്ന് ഇന്നുമുതൽ സംഭരണ ശാലകളിലേക്ക്
രാജ്യം കൊറോണ വാക്‌സിൻ തയ്യാറെടുപ്പിലേക്ക് നീങ്ങുന്നു. പ്രത്യേക ശീതീകരണ സംവിധാനങ്ങളുള്ള വിമാനങ്ങളിലാണ് കൊറോണ വാക്‌സിനുകൾ ഇന്നു മുതൽ എത്തി ക്കുക. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും തയ്യാറാക്കിയ വാക്‌സിനുകളുടെ നിയന്ത്രിച്ച ഉപയോഗത്തിന് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം അനുമതി നൽകി.
വാക്‌സിൻ വിതരണ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി സംവദിക്കും. ഫാർമസികളിൽ തയ്യാറായ മരുന്നുകൾ ഇന്നുമുതൽ വിവിധ സംസ്ഥാനങ്ങളുടെ സംഭരണശാലകളിലെത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ യോഗം. സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകൾ വിലയിരുത്താനാണ് പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി സംവദിക്കുക.
വീഡിയോ കോൺഫറൻസ് വഴിയാണ് സംവാദം. വൈകിട്ട് നാലുമണിക്കാണ് വെർച്വൽ സംവാദം നടക്കുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആകെ മൂന്ന് കോടി പേർക്കാണ് മുൻഗണനാ അടിസ്ഥാനത്തിൽ വാക്‌സിൻ ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. ലിസ്റ്റുകളെല്ലാം സംസ്ഥാന തലത്തിൽ തയ്യാറായതായാണ് വിവരം. തുടർന്ന് 50 വയസ്സിന് മുകളിലുള്ളവരേയും പരിഗണിക്കും.
ഇന്ത്യയിലാകമാനം കൊറോണ ബാധിതർ ഇതുവരെ ഒരു കോടി നാലു ലക്ഷം പേരാണ്. രോഗമുക്തരുടെ എണ്ണം ഒരു കോടി രണ്ടു ലക്ഷത്തിലേക്ക് ഉയർന്നു. ഇന്നലെ 16311 കേസ്സുകളാണ് പുതുതായി രേഖപ്പെടുത്തിയത്. അതേസമയം രോഗമുക്തർ ഇന്നലെ മാത്രം 19,299 ആയി ഉയരുകയും ചെയ്തു.