Connect with us

കേരളം

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ വിശദാംശങ്ങൾ

Published

on

pinarayi vijayan

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,617  ആണ്.  ആകെ 1,17,720 പരിശോധന നടന്നതിലാണ് ഇത്. മരണം 141. ഇപ്പോൾ   1,00,437 പേരാണ് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത്  രോഗവ്യാപനം കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നത്.  കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.2 ശതമാനമാണ്. ഏറ്റവും ഉയർന്ന നിരക്ക് തൃശൂർ ജില്ലയിലാണ്. 12.6 ശതമാനമാണ് അവിടത്തെ ടിപിആർ. 7.8 ശതമാനമുള്ള കണ്ണൂരാണ് ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കണ്ണൂരിനു പുറമേ ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, തിരുവനന്തപുരം ജില്ലകളിൽ ടിപിആർ 10 ശതമാനത്തിലും താഴെയാണ്. ബാക്കി 7 ജില്ലകളിലും 10 മുതൽ 12.6 ശതമാനം വരെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാണിക്കുന്നത്. വ്യാപനത്തിൽ കുറവു വന്നിട്ടുണ്ടെങ്കിലും ആ കുറവിന്റെ വേഗം പ്രതീക്ഷിച്ച നിലയിലല്ല.

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുന്നത് 605 തദ്ദേശ ഭരണ സ്ഥാപനങ്ങളിലാണ്. 339 ഇടത്ത് മെച്ചപ്പെടുകയും 91 ഇടത്ത് മോശമാവുകയും ചെയ്തു. ആശ്വസിക്കാവുന്ന സ്ഥിതിവിശേഷം എത്തണമെങ്കിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5ന് താഴെ എത്തിക്കാൻ സാധിക്കണം.  കർശനമായ ജാഗ്രത തുടർന്നേ പറ്റൂ. ജനങ്ങളുടെ പൂർണ്ണ സഹകരണം അക്കാര്യത്തിൽ ആവശ്യമാണ്. മാസ്കുകൾ
ധരിക്കുന്നതും ശരീര ദൂരം പാലിക്കുന്നതുമൊക്കെ ഇനിയും കൃത്യമായി പാലിക്കണം.
അത്തരത്തിൽ മുൻകരുതൽ സ്വീകരിച്ചു മുന്നോട്ടു പോയാൽ   ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുത്താൻ  സാധിക്കും. വീണ്ടും ലോക്ഡൗൺ ഉണ്ടാകുന്നത്  ഒഴിവാക്കാനും കഴിയും. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടു കൂടി വാക്സിൻ രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവരുടെ വാക്സിൻ രജിസ്ട്രേഷൻ ചെയ്തു വരുന്നുണ്ട്. രോഗപ്രതിരോധത്തിനാവശ്യമായ ശക്തമായ നടപടികൾ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തലത്തിൽ തുടരുന്നുണ്ട്.

വാക്സിൻ വിതരണത്തിനാവശ്യമായ നടപടികൾ കൂടുതൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കോവാക്സിൻ
പുതിയ സ്റ്റോക്ക് ലഭ്യമായിട്ടുണ്ട്.  രണ്ടാമത്തെ ഡോസ് ലഭിക്കേണ്ടവർക്ക് അതു നൽകാൻ
കഴിയും. കുട്ടികളുടെ വാക്സിൻ ഏതാനും മാസങ്ങൾക്കകം ലഭ്യമായിത്തുടങ്ങും എന്നാണ് വാർത്തകൾ ഉള്ളത്. ലഭ്യമാകുന്ന മുറക്ക് കാലതാമസമില്ലാതെ നമ്മൾ അതും വിതരണം ചെയ്യും..
മെഡിക്കൽ വിദ്യാർഥികൾക്ക് ജൂലൈ 1 മുതൽ ക്ലാസുകൾ ആരംഭിക്കും. മെഡിക്കൽ വിദ്യാർഥികൾക്കെല്ലാം വാക്സിനേഷൻ ലഭ്യമായതിനാലാണ് അവരുടെ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. കോളേജ് വിദ്യാർത്ഥികൾക്ക് പെട്ടെന്നു തന്നെ വാക്സിൻ നൽകി കോളേജുകൾ തുറക്കാനുള്ള സാഹചര്യം ഒരുക്കുന്നത് ആലോചിക്കുന്നുണ്ട്. 18 വയസ്സുമുതൽ 23 വരെയുള്ള വിഭാഗത്തിന് പ്രത്യേക കാറ്റഗറിയാക്കി വാക്സിനേഷൻ നൽകും. അവർക്കുള്ള രണ്ടാം ഡോസും കൃത്യസമയത്തു നൽകിയാൽ നല്ല അന്തരീക്ഷത്തിൽ കോളേജുകൾ തുറക്കാനാവും.
സ്കൂൾ അധ്യാപകരുടെ വാക്സിനേഷനും മുൻഗണന നൽകി പൂർത്തിയാക്കും.

ഇന്നത്തെ സാഹചര്യത്തിൽ മൂന്നാമത്തെ കോവിഡ് തരംഗത്തിന്റെ   രണ്ടു സാധ്യതകളാണുള്ളത്.  
രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം  കുറയുന്നതിനു മുൻപ് തന്നെ അടുത്ത തരംഗമുണ്ടായേക്കാം എന്നതാണ് ആദ്യസാധ്യത.  സാമൂഹികമായ ഇടപെടലുകൾ കൂടിയാൽ  വീണ്ടും രോഗവ്യാപനമുയരുകയും  അതുവഴി അടുത്ത തരംഗം ഉണ്ടാവുകയും ചെയ്യാം.  നിലവിലെ രോഗവ്യാപനം പരമാവധി പിൻവാങ്ങി കുറച്ചു നാളുകൾക്ക് ശേഷം അടുത്ത തരംഗമുണ്ടാകാം എന്നതാണ്
രണ്ടാമത്തെ സാധ്യത.

ഇതിലേതെങ്കിലുമൊരു രീതിയിൽ മൂന്നാമത്തെ തരംഗം സംഭവിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതെപ്പോഴാണ്  ഉണ്ടാവുക എന്നതിലും  എത്ര  തിവ്രമായിരിക്കും  എന്നതിലുമാണ് വ്യത്യസ്ത നിഗമനങ്ങളുള്ളത്.  രണ്ടാം തരംഗത്തോടൊപ്പം  മൂന്നാമത്തെ തരംഗം ഉണ്ടാകുന്നത് കൂടുതൽ വിഷമകരമായ സാഹചര്യം സൃഷ്ടിക്കും. ആശുപ്രത്രികളിലും മറ്റു ആരോഗ്യസംവിധാനങ്ങളിലും നിലവിൽ നിരവധി രോഗികൾ ചികിത്സയിലുണ്ട്. പെട്ടെന്നു തന്നെ അടുത്ത തരംഗം ഉണ്ടായാൽ  ആരോഗ്യസംവിധാനങ്ങളുടെ ശേഷിയെ അത്  മറികടന്നേക്കാം.

അതുകൊണ്ട്, ആ  സാധ്യതയെ പരിപൂർണ്ണമായി അടച്ചു കൊണ്ട് മൂന്നാമത്തെ തരംഗം ഉണ്ടാകുന്നത് ദീർഘിപ്പിക്കുക എന്ന ഉത്തരവാദിത്വം  സമൂഹമെന്ന നിലയ്ക്ക് നമ്മളേറ്റെടുക്കണം. ഉടനടി വീണ്ടുമൊരു ലോക്ക്ഡൗണിലേയ്ക്ക് പോവുക എന്നതും ഏവർക്കും ദുഷ്കരവുമായിരിക്കും.   സാമൂഹിക അകലം പാലിച്ചുകൊണ്ടും ആൾക്കൂട്ടങ്ങൾ ഒഴിവാക്കിക്കൊണ്ടും രോഗം പകരാതിരിക്കാനുള്ള ശ്രദ്ധ എല്ലാവരുടേയും ഭാഗത്തു നിന്നുണ്ടാകണം. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി
എല്ലാവരും പാലിക്കണം.  

കൂടുതൽ വേഗത്തിൽ വ്യാപിക്കാൻ കഴിയുന്ന വിധത്തിലുള്ളതോ, രോഗപ്രതിരോധശേഷിയെ മറികടക്കാൻ കഴിയുന്നതോ, അല്ലെങ്കിൽ ഈ രണ്ടു മുള്ളതോ ആയ വിധത്തിൽ ജനിതക വ്യതിയാനം വന്ന വൈറസുകൾ ഉണ്ടാകുമ്പോളാണ്പുതിയൊരു തരംഗം ഉണ്ടാകുന്നത്. ഇതുപോലുള്ള വൈറസുകൾ ഉണ്ടാകുമ്പോൾ  ജാഗ്രത കൈമോശം വരിക കൂടി ചെയ്താൽ  തരംഗത്തിന്റെ
തീവ്രത അതിശക്തമാകും.

ആഗസ്ത്  മാസത്തിൽ ഓണം വരികയാണ്. കഴിഞ്ഞ വർഷവും ഒാണത്തിനു ശേഷം രോഗവ്യാപനം കൂടുന്ന സാഹചര്യമുണ്ടായി. ഇത്തരം ഘട്ടങ്ങൾ രോഗവ്യാപനം വർദ്ധിക്കാനുള്ള അവസരമായി മാറാതിരിക്കാൻ  ശ്രദ്ധിക്കണം.
കോവിഡ് വൈറസിലുണ്ടായ ഒരു പുതിയ ആൽഫാ വകഭേദം പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. കോവിഡിനു കാരണമായ വൈറസ്  നിരന്തരമായ ജനിതകവ്യതിയാനങ്ങൾക്ക് വിധേയമാവുകയാണ്.  ഇതിനകം 40,000 ത്തിനു അടുത്ത് വകഭേദങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്.  അതിൽ പ്രസക്തമായ വകഭേദങ്ങൾ ഏതാണെന്ന് കണ്ടെത്തുക എന്നതാണ് പ്രധാനം. വ്യാപന നിരക്ക്, തീവ്രത, രോഗപ്രതിരോധശേഷിയെ മറികടക്കാനുള്ള കഴിവ് തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധനകൾക്ക് വിധേയമാക്കും.

ഇപ്പോൾ ഉണ്ടായത് ഡെൽറ്റാ വൈറസിൽ സംഭവിച്ച നേരിയ മാറ്റത്തിന്റെ ഭാഗമായ വകഭേദമാണ്.
അതു വൈറസുണ്ടാക്കുന്ന രോഗബാധയുടെ
തീവ്രതയെ വർദ്ധിപ്പിക്കും എന്ന് ഭയപ്പെടേണ്ടതില്ല എന്നാണ് പഠനങ്ങൾ പറയുന്നത്.  

സംസ്ഥാനത്ത്  നിലവിൽ മൂന്നു രോഗികളിൽ മാത്രമാണിത് കണ്ടിട്ടുള്ളത്. അവരിൽ ഉണ്ടായ രോഗബാധ പഠന വിധേയമാക്കിയപ്പോൾ മൂന്നാമത്തെ തരംഗത്തിനുള്ള കാരണമായി ഇൗ ആൽഫാ വകഭേദം മാറില്ല എന്നാണ് മനസ്സിലാക്കാൻകഴിയുന്നത്.  നിരന്തരമായ ജനിതക സീക്വൻസിംഗ് നടത്തി ജനിതകവ്യതിയാനങ്ങളെ കണ്ടെത്താനും പഠിക്കാനും ഉള്ള ശ്രമങ്ങൾ  കാര്യക്ഷമമായി നടക്കുന്നുണ്ട്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജിയും കോഴിക്കോട് മെഡിക്കൽ കോളേജും ആ പഠനങ്ങൾക്ക്നേതൃത്വം നൽകുന്നു. അതിനു പുറമേ, രാജ്യത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്റ്  ഇന്റഗ്രേറ്റഡ് ബയോളജി എന്ന സ്ഥാപനം ഇൗ പഠനങ്ങൾ നടത്തുന്നുണ്ട്.

തദ്ദേശസ്വയംഭരണ പ്രദേശങ്ങളുടെ കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി അനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടുശതമാനത്തിൽ താഴെയുള്ള (എ വിഭാഗം)  277 പ്രദേശങ്ങളുണ്ട്. ടിപിആർ എട്ടിനും പതിനാറിനുമിടയിലുള്ള ബി വിഭാഗത്തിൽ 575 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. പതിനാറിനും ഇരുപത്തിനാലിനും ഇടയിൽ ടിപിആർ ഉള്ള  171 പ്രദേശങ്ങൾ. അവ സി വിഭാഗത്തിലാണ്.  പതിനൊന്നിടത്ത് ടിപിആർ ഇരുപത്തിനാലു ശതമാനത്തിലും മുകളിലാണ്. (ഡി വിഭാഗം)
ഈ വിഭാഗീകരണം അനുസരിച്ചായിരിക്കും ജൂൺ ഇരുപത്തിനാല് വ്യാഴാഴ്ച മുതൽ അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പാക്കുക.

ഇപ്പോൾ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കുന്നില്ല. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ബാങ്കിലോ ബാങ്ക് ബ്രാഞ്ചുകളിലോ പ്രവേശനം ഉണ്ടാവില്ല എന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസവും ബാങ്കുകൾക്ക് പ്രവർത്തനാനുമതി നൽകും.

കാറ്റഗറി എ യിലും ബി യിലും പെട്ട പ്രദേശങ്ങളിൽ  എല്ലാ സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും 50 ശതമാനം വരെ ജീവനക്കാരെയും, കാറ്റഗറി സി യിൽ എല്ലാ സർക്കാർസ്ഥാപനങ്ങളും 25 ശതമാനം വരെ ജീവനക്കാരെയും ഉൾപ്പെടുത്തി പ്രവർത്തനം അനുവദിക്കും.

ആൾക്കൂട്ടം ഒഴിവാക്കുന്നത് പരമപ്രധാനമാണ്. മീറ്റിങ്ങുകൾ പരമാവധി ഓൺലൈനാക്കുകതന്നെ വേണം.

തമിഴ്നാട് അതിർത്തിക്കടുത്തുള്ള  മദ്യഷാപ്പുൾകൾ അടച്ചിടും. അവിടെ ലോക്ക് ഡൗണായതിനാലാണിത്.
തമിഴ്നാട്ടിൽ നിന്ന് ഇടുക്കിയിലേക്ക് വരുന്നവർക്ക് ആൻറിജൻ ടെസ്റ്റ് റിസൾട്ട് വേണ്ടിവരും. എന്നാൽ അവിടെ ലോക്ക് ഡൗണുള്ളതിനാൽ എല്ലാദിവസവും പോയിവരാൻ അനുവദിക്കില്ല.

ഇന്ത്യയിൽ നിന്നും യു.എ.ഇ-യിലേക്ക് പോകുന്ന യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പെടുത്ത  റാപ്പിഡ് ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കണമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി പുറത്തിറക്കിയ മാർഗരേഖയിൽ നിഷ്കർഷിച്ചിട്ടുണ്ട്. പ്രവാസികളുടെ യാത്രയ്ക്ക് സഹായകരമാകുംവിധം സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡിന്റെ സഹകരണത്തോടെ  കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം   കോവിഡ് 19 മോളിക്യുലർ ടെസ്റ്റിംഗ് ലബോറട്ടറി ആരംഭിക്കുന്നതിന് സന്നദ്ധമായിട്ടുണ്ട്. അതിനുള്ള  അനുമതി ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. ഇതിൽ സത്വര നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ആരാധനാലയങ്ങളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾക്കു വിധേയമായി പ്രവേശനം അനുവദിക്കുന്നത് ആലോചിക്കും. പതിനഞ്ചിൽ അധികാരിക്കാതെ അനുവദിക്കാനാണ് ആലോചിക്കുന്നത്.
കോവിഡ് രോഗികൾക്ക് മാനസിക പിൻതുണ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നിർദ്ദേശം നൽകി.

പൊതുജനങ്ങളുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, അംഗങ്ങളുടെ എണ്ണം പരമാവധി കുറച്ച് കർശന നിയന്ത്രണങ്ങളോടെ ടെലിവിഷൻ പരമ്പര ചിത്രീകരണത്തിന് അനുമതി നൽകുന്നതും ആലോചിച്ചിട്ടുണ്ട്. ഇൻഡോർ ചിത്രീകരണമാണനുവദിക്കുക.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുമതിനൽകുന്ന കാര്യം ആലോചിക്കും. വാക്സിൻ രണ്ടു ഡോസും എടുത്തവരെ അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.

പുതുതായി 3  ബ്ളാക് ഫംഗസ് അഥവാ മ്യൂകർ മൈകോസിസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ റിപ്പോർട്ട് ചെയ്തത് 79 കേസുകളാണ്. അതിൽ 55 പേർ ഇപ്പോളും ചികിത്സയിലാണ്. 9 പേർ രോഗവിമുക്തരാവുകയും 15 പേർ മരണപ്പെടുകയും ചെയ്തു.

വനിതകൾക്കെതിരെയുളള അതിക്രമങ്ങൾ തടയുന്നതിന് ഡൊമസ്റ്റിക് കൺഫ്ളിക്റ്റ് റെസല്യൂഷൻ സെൻറർ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവർത്തിച്ചുവരുന്നു. അതിക്രമത്തിന് ഇരയാകുന്ന വനിതകളുടെ പരാതി ജില്ലാ പോലീസ് മേധാവിമാർ ഒാൺലൈൻ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിർദ്ദേശിക്കുന്ന പരിപാടിയാണിത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളിൽ അടിയന്തിര നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉൽകണ്ഠപ്പെടുത്തുന്നതാണ്. സ്ത്രീധന പീഡനത്തിൻെറ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടിലാണുണ്ടാകുന്നത് എന്നത് നിസ്സാര കാര്യമല്ല. അത്തരം വിഷയങ്ങൾ ഗൗരവമായി കണ്ട് നേരിടുകയും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യും.

വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത
ഓൺലൈൻ എന്ന സംവിധാനം ഇപ്പോൾ  നിലവിലുണ്ട്.

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡനങ്ങൾ
സംബന്ധിച്ച് പരാതികൾ നൽകുന്നതിന് ഇനി
മുതൽ ഇൗ സംവിധാനം  ഉപയോഗിക്കാവുന്നതാണ്. ഇത്തരം പരാതികളുളളവർക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് മെയിൽ അയയ്ക്കാം. ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈൽ നമ്പർ 94 97 99 69 92 നാളെ നിലവിൽ വരും. കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. ഫോൺ 94 97 90 09 99, 94 97 90 02 86.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്.എെ അവരെ സഹായിക്കും. 94 97 99 99 55 എന്ന നമ്പറിൽ നാളെ മുതൽ പരാതികൾ അറിയിക്കാം. ഏത് പ്രായത്തിലുമുളള വനിതകൾ നൽകുന്ന പരാതികൾക്ക് മുന്തിയ പരിഗണന നൽകി പരിഹാരം ഉണ്ടാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുളളിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 7,581 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,950 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 29,26,000 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.
 
ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയ  മലയാളി കായികതാരങ്ങൾക്ക് 5 ലക്ഷം രൂപ വീതം സംസ്ഥാന ഗവൺമെന്റ് അനുവദിച്ചു. ഒളിമ്പിക്സ് യോഗ്യത നേടിയ 10 പേർക്കും പാരാലിമ്പിക്സിന് യോഗ്യത നേടിയ സിദ്ധാർത്ഥ ബാബുവിനുമായി ആകെ 55 ലക്ഷം രൂപയാണ് അനുവദിച്ചത്. പരിശീലനത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമായാണിത്.

കെ ടി ഇർഫാൻ, മുഹമ്മദ് അനസ്, വി കെ വിസ്മയ, ജിസ്ന മാത്യു, നേഹ നിർമ്മൽ ടോം, എം ശ്രീശങ്കർ, പി ആർ ശ്രീജേഷ്, പി യു ചിത്ര, എം പി ജാബിർ, യു കാർത്തിക് എന്നിവർരാണ് തുക ലഭിക്കുക. ജൂലൈ 23 നാണ് 2021 ഒളിമ്പിക്സിന് തുടക്കംകുറിക്കുക. അടുത്ത ദിവസങ്ങളിൽ പട്യാലയിൽ നടക്കുന്ന നാഷണൽ സീനിയർ മീറ്റിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഒളിമ്പിക്സ് യോഗ്യതയ്ക്ക് അവസരമുണ്ട്. 43 മലയാളിതാരങ്ങൾ നാഷണൽ മീറ്റിൽ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വരുന്ന 45 ദിവസത്തിനകം  4 മുതൽ 6 ശതമാനം വരെ പലിശയിൽ 30 കോടി രൂപയുടെ സ്വയം തൊഴിൽ വായ്പ പദ്ധതി ആരംഭിക്കും.  മാനദണ്ഡങ്ങൾക്ക് അനുസരിച്ചാകും തുക നൽകുക.  

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം6 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം10 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം14 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം15 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം15 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം16 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം17 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version