Connect with us

കേരളം

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ പൂർണ്ണരൂപം

Published

on

pinarayi vijayan

സംസ്ഥാനം വീണ്ടും ഒരു ദുരന്ത ഘട്ടം പിന്നിടുകയാണ്. ഒക്ടോബര്‍ 11 മുതല്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ച തോതിലുള്ള മഴയാണ് ഉണ്ടായത്. അറബിക്കടലിലെ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും ശാന്ത സമുദ്രത്തിലെ ചുഴലിക്കാറ്റും നമ്മുടെ സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന
മഴക്കെടുതിയിലാണെത്തിച്ചത്.

സംസ്ഥാനത്തു ഒക്ടോബര്‍ 12 മുതല്‍ 20 വരെ 42 മരണങ്ങള്‍ വിവിധ ദുരന്തങ്ങളാല്‍ സംഭവിച്ചു. ഇതില്‍ ഉരുള്‍പൊട്ടലില്‍ പെട്ട 19 പേരുടെ (കോട്ടയം12 ,ഇടുക്കി 7) മൃതദേഹങ്ങള്‍കണ്ടെത്തുകയുണ്ടായി. 6 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.നിലവില്‍ 304 ദുരിതാശ്വാസ ക്യാമ്പുകളില്‍ 3851 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇപ്പോള്‍ മഴയ്ക്ക് അല്പം ശമനം വന്നിട്ടുണ്ട്.കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെടുവിച്ച മഴ സാധ്യത പ്രവചന പ്രകാരം നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന്തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും നാളെ തിരുവനന്തപുരം,കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലുമാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ കൊച്ചി റഡാര്‍ ഇമേജില്‍ കണ്ണൂര്‍, മലപ്പുറം ,കോഴിക്കോട്,തൃശൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങള്‍,തിരുവനന്തപുരം എന്നിവിടങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളതായി കാണുന്നു. നിലവില്‍ മഞ്ഞ,ഓറഞ്ച് അലെര്‍ട്ടുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മലയോര പ്രദേശങ്ങളിലും ദുരന്തസാധ്യത പ്രദേശങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടത്താണ്.

തെക്കൻ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതചുഴി രൂപപ്പെട്ടു എന്ന പുതിയ ഒരു പ്രതിഭാസം കൂടി ഉണ്ടായിട്ടുണ്ട്. ഇത് അടുത്ത 2-3 ദിവസങ്ങളിൽ തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ ഒക്ടോബർ 20 മുതൽ 24 വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലൊടു കൂടിയ മഴക്ക് സാധ്യതയുണ്ട്. ഒക്ടോബർ 21 നു ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

ഒക്ടോബര്‍ 16 ന് പകല്‍ പൊടുന്നനെ അതിതീവ്രമായ മഴ കോട്ടയം ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലകളില്‍ ഉണ്ടായി. കൂട്ടിക്കലിലും കൊക്കായാറിലും ഉരുള്‍പൊട്ടിയ വിവരം ലഭിച്ച ഉടനെ തന്നെ പോലീസ്, അഗ്നിശമന രക്ഷാസേന, റെവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ജനപ്രതിനിധികളും തുടങ്ങി പ്രദേശത്തെ സര്‍ക്കാര്‍ സംവിധാനമാകെ നാട്ടുകാരായ ജനങ്ങളോടോപ്പം കൈകോര്‍ത്തു കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. അതിശക്തമായ മലവെള്ളപ്പാച്ചിലും നദികളിലെ കുത്തിയൊലിച്ചൊഴുകിയ വെള്ളവും പാലങ്ങളും റോഡുകളും പൂര്‍ണ്ണമായും ഒലിച്ചു പോകുന്ന സ്ഥിതിയാണുണ്ടാക്കിയത്. സേനകളുടെ വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത രീതിയില്‍ റോഡുകള്‍ മൂങ്ങി പോവുകയും നദികള്‍ കുത്തിയൊലിച്ചൊഴുകുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. അതോടെ പൂര്‍ണ്ണമായി ഒറ്റപ്പെട്ട കൂട്ടിക്കല്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന മനുഷ്യരെ രക്ഷിക്കാന്‍ ആകാശ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തിനേ സാധിക്കൂ എന്ന ഘട്ടം വന്നു. കാലാവസ്ഥ ചെറുതായി മെച്ചപ്പെട്ട ഉടനെ തന്നെ കരസേനയുള്‍പ്പെടെയുള്ള മറ്റ് കേന്ദ്ര സേനകളെ അവിടെ എത്തിക്കാനും 24 മണിക്കൂറിനകം തന്നെ അപകടത്തില്‍ പെട്ടവരില്‍ ബഹുഭൂരിപക്ഷം ആളുകളുടെയും മൃതദേഹം കണ്ടെടുക്കാനും സാധിച്ചു.

ദേശിയ ദുരന്തനിവാരണ സേനയുടെ 12 ടീമുകളും രണ്ട് ആര്‍മി ടീമുകളും 3 ഡി എസ് സി ടീമുകളും എയര്‍ ഫോഴ്സിന്‍റെ രണ്ടു ചോപ്പറുകളും, നേവിയുടെ ഒരു ചോപ്പറും, എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
എല്ലാ ജില്ലകളിലും സംസ്ഥാന സേനകളെ
കൂടാതെ ആവശ്യാനുസരണം ദേശിയ സേനകളെയും വിന്യസിച്ചിട്ടുണ്ട്
.
ഒക്ടോബര്‍ 16 നു തന്നെ എല്ലാ വകുപ്പുതലവډാരുടെയും, സേനയുടെയും, ജില്ലാ കളക്ടര്‍
മാരുടെയും അവലോകന യോഗം കൂടി സ്തിഗതികള്‍ വിലയിരുത്തി. ക്യാമ്പുകള്‍, ജനങ്ങളുടെ സുരക്ഷിതത്വം എന്നിവ മുന്നില്‍കണ്ട് വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ നിര്‍ദേശിച്ചു.അണകെട്ടുകള്‍ തുറന്നു വിടേണ്ടി വന്നിട്ടുള്ള എല്ലാ ദിവസവും ഡാമുകളിലെ റൂള്‍ കര്‍വ് നിരീക്ഷിക്കുന്ന വിദഗ്ധസമിതി യോഗങ്ങള്‍ ചേര്‍ന്ന് ഡാമുകളുടെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്.

മഴക്കെടുതികളില്‍ മരിച്ചവര്‍ക്കുമുള്ള ധനസഹായം എത്രയും പെട്ടന്ന് കൈക്കൊള്ളാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ തകര്‍ന്ന വീടുകളുടെയും റോഡുകളുടെയും പാലങ്ങളുടെയും
കണക്കെടുപ്പ് പൂര്‍ത്തീകരിച്ച് എത്രയും പെട്ടന്ന് ധനസഹായം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മഴയിലും വെള്ളപ്പൊക്കത്തിലും ഉരുള്‍ പൊട്ടലിലും പെട്ട് ജീവന്‍ നഷ്ടമായവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ദുരന്ത ബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും സര്‍ക്കാര്‍ നല്‍കും. കിടപ്പാടവും കൃഷിയും മറ്റു സ്വത്തുക്കളും നഷ്ടപ്പെട്ടവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കും.

ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പില്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് വലിയ പങ്കാണ് ഉള്ളത്. ഇവരോടൊപ്പം റവന്യൂ, ആരോഗ്യ വകുപ്പുകള്‍ കൂടിച്ചേര്‍ന്ന് ഏകോപിതമായി ആവശ്യമായ സജ്ജീകരണങ്ങള്‍ ക്യാമ്പുകളില്‍ ഉറപ്പുവരുത്തണം. ക്യാമ്പിലുള്ളവര്‍ക്ക് അസുഖം വന്നാല്‍ അവരെ പ്രത്യേക സ്ഥലത്ത് മാറ്റണം. സിഎഫ്എല്‍ടിസികളിലോ ആശുപത്രികളിലോ മാറ്റി ചികിത്സിക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് കൈക്കൊള്ളണം.

ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. ക്യാമ്പുകളിലുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും ജീവനക്കാരുമെല്ലാം കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പുറത്ത് നിന്ന് വരുന്നവര്‍ ക്യാമ്പിലെ അംഗങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കണം. ക്യാമ്പുകളില്‍ ആന്‍റിജന്‍ പരിശോധന
നടത്താന്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. ക്യാമ്പുകളോടനുബന്ധിച്ച് ആരോഗ്യ
പ്രവര്‍ത്തകരുടെ സേവനം ഉറപ്പ് വരുത്തുന്നതാണ്.ക്യാമ്പിലെത്തി ഒരാള്‍ കോവിഡ്പോസിറ്റീവായാല്‍ അദ്ദേഹത്തിന്‍റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള കുടുംബാംഗങ്ങള്‍ പ്രത്യേകം ക്വാറന്‍റൈനില്‍ കഴിയണം. ക്യാമ്പുകളിലുള്ള എല്ലാവരും മാസ്ക് ധരിക്കണം. അകലത്തിലിരുന്ന് ഭക്ഷണം കഴിക്കേണ്ടതാണ്.

കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ഗുരുതര രോഗികള്‍ എന്നിവരുമായി ക്യാമ്പിലുള്ള മറ്റുള്ളവര്‍ അടുത്ത് ഇടപഴകുന്നത് കഴിയുന്നതും ഒഴിവാക്കണം. 2 വയസിന്
മുകളിലുള്ള കുട്ടികള്‍ മാസ്ക് ധരിക്കണം.ജീവിതശൈലീ രോഗമുള്ളവരെയും മറ്റസുഖബാധിതരെയും പ്രത്യേകം ശ്രദ്ധിക്കും. അവര്‍ക്ക് മരുന്നുകള്‍ മുടങ്ങാതിരിക്കാന്‍ എത്തിച്ച് നല്‍കുന്നതാണ്. ഏതെങ്കിലും രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ അത് മുടക്കരുത്. എന്തെങ്കിലും ശാരീരിക മാനസിക ബുദ്ധിമുട്ടുള്ളവര്‍ ക്യാമ്പ് അധികൃതരെയോ ആരോഗ്യ പ്രവര്‍ത്തകരെയോവിവരം അറിയിക്കേണ്ടതാണ്. മാനസിക രോഗ വിദഗ്ധരുടേയും സേവനം ലഭ്യമാണ്. കനിവ് 108 ആംബുലന്‍സുകളുടെ സേവനവും
ഉറപ്പ് വരുത്തിയിട്ടുണ്ട്.

മഴ തുടരുന്നതിനാല്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയുണ്ട്.
പകര്‍ച്ചവ്യാധിയുണ്ടാകാതിരിക്കാന്‍ പ്രത്യേക ജാഗ്രത ആവശ്യമാണ് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. തിളപ്പിച്ചാറ്റിയതോ ക്ലോറിനേറ്റ് ചെയ്തതോ ആയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. ക്യാമ്പുകളുടെ പരിസരം കൊതുക് വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മലിനജലവുമായി സമ്പര്‍ക്കമുള്ളവര്‍ ഉറപ്പായും ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കേണ്ടതാണ്.

ശുദ്ധമായ കുടിവെള്ളം ക്യാമ്പുകളില്‍ നല്‍കുക വളരെ പ്രധാനമാണ്. കുടിവെള്ളം മലിനമായാല്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ വന്നേക്കാം. ഇക്കാര്യം ശ്രദ്ധിക്കാന്‍ തദ്ദേശ സ്വയംഭരണ, റവന്യൂ, ആരോഗ്യ വകുപ്പുകളെ ചുമതലപ്പെടുത്തി. കുടിവെള്ളം എത്തിക്കാനുള്ള ചുമതല ജലവിഭവ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. വെള്ളം ഇറങ്ങുന്ന മുറയ്ക്ക് റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക് ഉണ്ടായ നഷ്ടം കണക്കാക്കി പരിഹാര നടപടികളിലേക്ക് കടക്കും. അറ്റകുറ്റപണികള്‍ പെട്ടെന്ന് തന്നെ നടത്താന്‍ നിദ്ദേശിച്ചിട്ടുണ്ട്.

നല്ലതുപോലെ വെള്ളം കയറിയ സ്ഥലങ്ങളില്‍ ചെളി കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകും.
വീട്ടുകാര്‍ക്കും കടക്കാര്‍ക്കും ചെളി നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകും. ഫയര്‍ ഫോഴ്സ് ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടണം. തദ്ദേശ സ്ഥാപനങ്ങള്‍ പ്രാദേശികമായി
വളണ്ടിയര്‍മാരുടെ സേവനം തേടണം. നദികളില്‍ മണല്‍ നിറഞ്ഞു കിടക്കുന്നസ്ഥിതിയുമുണ്ട്. ഇത് നദികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തും. വെള്ളം വേറെ വഴിയിലൂടെ പോകുമ്പോള്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. മണല്‍ നീക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ ഭരണ സംവിധാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മലിനമായ കിണറുകള്‍ വൃത്തിയാക്കല്‍ വളരെ പ്രധാനമാണ്. വെള്ളം പമ്പ്ചെയ്ത് കളയുന്നതുള്‍പ്പെടെ അതാതു സ്ഥലത്തെ പ്രയോഗികകതയ്ക്ക് അനുസരിച്ച് ശുചീകരണം നടത്താനാകണം. മാലിന്യത്തിന്‍റെ ഭാഗമായി രോഗം
വരാതിരിക്കാന്‍ കരുതലോടെ നീങ്ങണം.

വൈദ്യുതി ബന്ധം തകരാറായ സ്ഥലങ്ങളില്‍ പുനഃസ്ഥാപിക്കല്‍ വേഗതയില്‍ നടക്കുന്നുണ്ട്. ആവശ്യമെങ്കില്‍ മറ്റ് സ്ഥലത്ത് നിന്നുകൂടി ജീവനക്കാരെ കൊണ്ട് വന്ന് ജോലികള്‍ പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് കാലത്ത് നാടിനെ നല്ല രീതിയില്‍ സഹായിച്ച സന്നദ്ധ പ്രവര്‍ത്തകരെ ഈ ഘട്ടത്തിലും ഉപയോഗിക്കാനാകണം. ഒരു വാക്സിനെങ്കിലും എടുത്ത സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാകണം. നിലവില്‍ 7800 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ കണക്ക്. ഇത് ഇനിയും വര്‍ദ്ധിപ്പിക്കണം.

ദുരന്തബാധിത പ്രദേശങ്ങളില്‍ പൊതുജനങ്ങളുടെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. ഇക്കാര്യത്തില്‍ പൊലീസിന്‍റെ ശ്രദ്ധ ആവശ്യമാണ്.
ഇത്തരം ഘട്ടങ്ങളില്‍ സഹായ സന്നദ്ധരായി എല്ലാവരും മുന്നോട്ടു വരികയാണാവശ്യം.
മഴക്കെടുതി നേരിടാന്‍ വിപുലമായ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയത്.
മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള അപായസാധ്യത മുന്‍കൂട്ടി കണ്ട് എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരുന്നു.

എല്ലാ ജില്ലകളിലും സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറക്കുകയുണ്ടായി. അടിയന്തിരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ്
സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ചെറുബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, ജെ.സി.ബി മുതലായവ തയ്യാറാക്കി
വയ്ക്കാനും നിര്‍ദ്ദേശിച്ചിരുന്നു. കാലവര്‍ഷം നാശം വിതച്ച മേഖലകളില്‍ പോലീസും അഗ്നിശമന സേനയും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.

അടുത്തയാഴ്ച തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ഈ കരുതലും ജാഗ്രതയും ഇതേ
രീതിയില്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസകേന്ദ്രങ്ങളില്‍ പോലീസിന്‍റെ പ്രത്യേകജാഗ്രതയും സഹകരണവും തുടരും. വെള്ളം കയറിയ വീടുകളും ദുരിതാശ്വാസകേന്ദ്രങ്ങളും വൃത്തിയാക്കുന്നതിന് ജനമൈത്രി പോലീസിന്‍റെ സഹായം ലഭ്യമാക്കും. സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെ സംഘങ്ങളും ഇത്തരം പ്രവർത്തനങ്ങളിൽ സഹായത്തിനെത്തും.

പ്രതീക്ഷിക്കാത്തിടത്ത് പ്രതീക്ഷിക്കാത്ത തരത്തിലാണ് അപകടങ്ങളുണ്ടാകുന്നത്. അവയുടെ ആഘാതം കുറയ്ക്കാനും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാനും ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ എല്ലാ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുകയാണ്.

ദുരന്ത ഘട്ടത്തില്‍ നമുക്ക് സഹായം നല്‍കാന്‍ വ്യത്യസ്ത മേഖലകളില്‍
നിന്ന് സുമനസ്സുകള്‍ മുന്നോട്ടു വരുന്നുണ്ട്.പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി
നേരിട്ട് വിളിച്ച് കേരളത്തിലെ പ്രളയക്കെടുതിയെ കുറിച്ചാരാഞ്ഞിരുന്നു. കേന്ദ്രത്തിന്‍റെ എല്ലാ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

കഴിഞ്ഞ ദിവസം ദലൈലാമ നമ്മുടെ നാടിന് ഐക്യദാര്‍ഢ്യം അറിയിച്ചു സന്ദേശം അയച്ചിരുന്നു. പതിനൊന്ന് ലക്ഷം രൂപയുടെ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
തമിഴ്നാട്ടില്‍ നിന്നുള്ള പാര്‍ലമെന്‍റംഗങ്ങളായ ഇളങ്കോവനും അന്തിയൂര്‍ സെല്‍വ രാജും ഇന്ന് സെക്രട്ടറിയേറ്റില്‍ എത്തി ഡി എം കെ ട്രസ്റ്റിന്‍റെ സംഭാവനയായി ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

വൈകിട്ട് കർണാടക മുഖ്യമന്ത്രി നേരിട്ട് വിളിക്കുകയും കേരളത്തിൽ ഉണ്ടായ ദുരന്തത്തിൽ അതിയായ ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു. ഏതു രീതിയിലുള്ള സഹായവും ചെയ്യാൻ കർണാടക സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു.

കോവിഡിനെതിരായ പോരാട്ടം തുടങ്ങിയിട്ട് ഒരു വര്‍ഷവും 9 മാസവുമായി. നിലവില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായി തുടങ്ങിയിട്ടുണ്ട്. രോഗം ബാധിക്കുന്നവരുടേയും മരണമടയുന്നവരുടേയും എണ്ണം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ആശുപത്രിവാസത്തിന്‍റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 17 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്.

ആദ്യ ഡോസ് വാക്സിനേഷന്‍ 2.51 കോടി കഴിഞ്ഞു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 94.08 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 46.50 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,75,45,497 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്. ഇനിയും ആദ്യ ഡോസ് എടുക്കാനുള്ളവര്‍ തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്സിന്‍ സ്വീകരിക്കേണ്ടതാണ്.

രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവരും കാലതാമസം വരുത്തരുത്. കോവിഷീല്‍ഡ് വാക്സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്സിന്‍ 28 ദിവസം കഴിഞ്ഞും രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ട് ഡോസ് വാക്സിനും കൃത്യമായ ഇടവേളകളില്‍ സ്വീകരിച്ചാല്‍ മാത്രമേ പൂര്‍ണമായ ഫലം ലഭിക്കൂ. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ വാക്സിനേഷനു വേണ്ട നടപടികള്‍ സ്വീകരിക്കും.

ആഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ സെറൊ പ്രിവലന്‍സ് സര്‍വേ പ്രകാരം നിലവില്‍ 82 ശതമാനം ആളുകള്‍ കോവിഡിനെതിരെ രോഗപ്രതിരോധ ശേഷി ആര്‍ജ്ജിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനു ശേഷം രോഗം ബാധിച്ചവരുടെ എണ്ണവും വാക്സിന്‍
കണക്കും വിലയിരുത്തിയാല്‍, 85നും 90 നും ഇടയ്ക്ക് ശതമാനം ആളുകള്‍ക്ക് സംസ്ഥാനത്ത് രോഗപ്രതിരോധശേഷി ഉണ്ടായെന്ന അനുമാനിക്കാം. കുട്ടികള്‍ക്കിടയില്‍ 40 ശതമാനം പേരിലാണ് ആന്‍റിബോഡികള്‍ കണ്ടെത്താന്‍ സാധിച്ചത്. വീടുകള്‍ക്കകത്ത് രോഗവ്യാപനം ഉണ്ടാകാതെ തടയുന്നതില്‍ ഗണ്യമായി വിജയിച്ചു എന്നതിന്‍റെ സൂചന കൂടിയാണിത്.

വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവനകള്‍ നല്‍കുന്ന വിശിഷ്ട വ്യക്തികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന തലത്തില്‍ പരമോത സംസ്ഥാന ബഹുമതി ഏര്‍പ്പെടുത്താന്‍ ഇതിനു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പുരസ്കാരങ്ങള്‍ക്ക് കേരള പുരസ്കാരങ്ങളെന്ന് പേരു നല്‍കും. ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’ എിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്കാരം നല്‍കുക. പുരസ്കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് എല്ലാവര്‍ഷവും ഏപ്രില്‍ മാസം പൊതുഭരണ വകുപ്പ് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കും. പുരസ്കാരം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പ്രഖ്യാപിക്കും. രാജ്ഭവനില്‍ പുരസ്കാരവിതരണ ചടങ്ങ് നടത്തും. കേരള ജ്യോതി പുരസ്കാരം വര്‍ഷത്തില്‍ ഒരാള്‍ക്കാണ് നല്‍കുക. കേരള പ്രഭ പുരസ്ക്കാരം രണ്ടുപേര്‍ക്കും കേരളശ്രീ പുരസ്കാരം അഞ്ചുപേര്‍ക്കും നല്‍കും. പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനക്കു ശേഷം, അവാര്‍ഡ് സമിതി പുരസ്കാരം നിര്‍ണയിക്കും.

മഴക്കെടുതി മൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കിലെടുത്ത് ജപ്തി നടപടികള്‍ക്ക് 2021 ഡിസംബര്‍ 31 വരെ മോറട്ടോറിയം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. കര്‍ഷകരും, മത്സ്യത്തൊഴിലാളികളും, ചെറുകിട കച്ചടവടക്കാരും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഹൗസിംഗ് ബോര്‍ഡ്, കോ ഓര്‍പ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന്‍, പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രമോഷന്‍ കൗസില്‍ പോലുള്ള സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍, സഹകരണ ബാങ്കുകള്‍, റവന്യൂ റിക്കവറി ആക്ട് 1968 ലെ 71ാം വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്ന് എടുത്ത കാര്‍ഷിക, വിദ്യാഭ്യാസ, ക്ഷീരവികസന, മൃഗസംരക്ഷണ വായ്പകള്‍ക്ക് ഇത് ബാധകമാകും.

ദേശസാല്‍കൃത ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, എന്‍.ബി.എഫ്.സി., എം.എഫ്.ഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകപളിലെ ജപ്തി നടപടികള്‍ക്ക് 2021 ഡിസംബര്‍ 31 വരെ മോറട്ടോറിയം ദീര്‍ഘിപ്പിക്കാന്‍ റിസര്‍വ്
ബാങ്കിനോടും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോടും ആവശ്യപ്പെടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version