Kids
സൂക്ഷിക്കണം കുട്ടികളിലെ അമിത വണ്ണത്തെ
അമിതവണ്ണം എന്നത് ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് മുതിര്‍ന്നവരില്‍ മാത്രമല്ല പലപ്പോഴും കുട്ടികളിലും അമിതവണ്ണം ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. പല വിധ കാരണങ്ങളാല്‍ കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകാം. ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗവും കൃത്യതയില്ലാത്ത ജീവിതശൈലിയും വ്യായാമക്കുറവുമെല്ലാം പ്രധാന കാരണങ്ങളാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ കുട്ടികളിലെ അമിത വണ്ണത്തെ ചെറുക്കാനാകും.
പ്രത്യകിച്ച് കുട്ടികളുടെ ഭക്ഷണകാര്യത്തിലും വ്യായാമം, ഉറക്കം, ദിനചര്യ തുടങ്ങിയ കാര്യങ്ങളിലും മാതാപിതാക്കള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്.കുട്ടികളുടെ കാര്യത്തിൽ അടിയന്തര ശ്രദ്ധ വേണ്ട ഒരു വിഷയമാണ് അമിതവണ്ണം. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 21 -ആം നൂറ്റാണ്ടിൽ നേരിടുന്ന പൊതുജനാരോഗ്യ വെല്ലുവിളികളിൽ ഒന്നാണ് ബാല്യകാലത്തെ അമിത വണ്ണം. ചെറിയ പ്രായത്തിൽ കുട്ടികൾ വണ്ണം വെയ്ക്കാൻ തുടങ്ങിയാൽ ആരുമത് കാര്യമാക്കാറില്ല. നന്നായി കഴിച്ചാല് നല്ലതു പോലെ വളരാൻ കഴിയു എന്നൊക്കെ പറഞ്ഞു നമ്മൾ പ്രോത്സാഹിപ്പിക്കുകയാണ് പതിവ്.
കഴിഞ്ഞ 40 വർഷത്തിനുള്ളിൽ അമിതവണ്ണമുള്ള സ്‌കൂളിലെ കുട്ടികളുടെയും കൗമാരക്കാരുടയും എണ്ണത്തിൽ പത്ത് മടങ്ങ് വർധനയാണ് ഉണ്ടായത്. കുട്ടികളിലെ അമിതവണ്ണം മാതാപിതാക്കളുടെ ശ്രദ്ധ കൊണ്ട് മാറ്റാവുന്നതേയുള്ളു. ഇതിനായി മാതാപിതാക്കൾ കുട്ടിയുടെ ഭക്ഷണക്രമം, ദൈനംദിന ദിനചര്യകൾ, ശാരീരിക പ്രവർത്തങ്ങളുടെ അളവ്, ഉറക്ക സമയം എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകണം. കുട്ടികളിലെ അമിത വണ്ണം നിയന്ത്രിക്കാനുള്ള ഏറ്റവും എളുപ്പവഴി ഭക്ഷണമാണ്.
കുട്ടികൾക്കു ചെറുപ്പത്തിൽ തന്നെ ഉയർന്ന കൊളെസ്ട്രോൾ ഒഴിവാക്കിയ ആരോഗ്യകരമായ ഭക്ഷണശീലം വീട്ടിൽ തന്നെ പ്രോത്സാഹിപ്പിക്കണം. കൊളെസ്ട്രോൾ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് വളർച്ചയ്ക്ക് ചിലപ്പോൾ തടസ്സമുണ്ടാക്കും. കുട്ടികളെ ചെറുപ്പത്തിൽ തന്നെ ജങ്ക് ഫുഡിൽ നിന്നും അകറ്റി നിർത്തുക. ഫ്രഷ് ഫ്രൂട്ട് സലാഡുകൾ, നട്സ്, തൈര് തുടങ്ങിയവ പോലുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ശീലമാക്കുക. നല്ല ആരോഗ്യത്തിനായി എല്ലാ ഭക്ഷണവും കഴിക്കേണ്ടത് അതാവശ്യമെന്ന അവരെ ബോധ്യപ്പെടുത്തുക.