പ്രവാസി വാർത്തകൾ
ഓണ്‍ അറൈവല്‍ വിസക്ക് നിയന്ത്രണം ഏർപ്പെടുത്തി ബഹ്റൈന്‍
ഓണ്‍ അറൈവല്‍ വിസ നല്‍കുന്നതിനുള്ള നിബന്ധനകള്‍ ബഹ്റൈന്‍ കര്‍ശനമാക്കി. ഇത് മലയാളികളടക്കമുള്ള നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. നിലവില്‍ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന സൗദി വിസക്കാരായ പ്രവാസികള്‍ക്ക് ബഹ്റൈന്‍ വഴി സൗദിയിലെത്താനുള്ള വഴിയാണ് തടസപ്പെട്ടത്. കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയ മലയാളികളടക്കമുള്ളവര്‍ക്ക് വിസ ലഭിക്കാതെ മടങ്ങേണ്ടി വന്നു.
ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദി അറേബ്യയിലേക്ക് പോകാന്‍ വിമാനമില്ലാത്തതിനാല്‍ ദുബൈ സൗദിയിലേക്ക് പോകാനെത്തിയവരാണ് യാത്രാ വിലക്ക് കാരണം കുടുങ്ങിയത്. പിന്നീട് ഇവരില്‍ പലരും ഒമാന്‍ വഴിയും ബഹ്റൈന്‍ വഴിയും സൗദിയിലേക്ക് പോയിരുന്നു. ഒമാനില്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതോടെ യാത്രാ ചെലവും കൂടി. ഈ സഹാചര്യത്തിലാണ് നിരവധിപ്പേര്‍ ബഹ്റൈന്‍ വഴിയുള്ള യാത്ര തെരഞ്ഞെടുത്തത്.
ബഹ്റൈനില്‍ 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം കൊവിഡ് പരിശോധന നടത്തി സൗദി – ബഹ്റൈന്‍ കോസ്‍വേ വഴി റോഡ് മാര്‍ഗം തന്നെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. നിരവധിപ്പേര്‍ ഇത്തരത്തില്‍ സൗദിയിലെത്തി ജോലികളില്‍ പ്രവേശിക്കുകയും ചെയ്‍തു. എന്നാല്‍ കഴിഞ്ഞ ദിവസം മുതലാണ് ബഹ്റൈന്‍ അധികൃതര്‍ ഓണ്‍ അറൈവല്‍ വിസ ചട്ടങ്ങള്‍ കര്‍ശനമാക്കിയത്.