ആരോഗ്യം
കോപ്പിയടിക്കില്ല, ആ കൈയക്ഷരം അഞ്‌ജുവിന്റേതല്ല
തന്റെ മകള്‍ പരീക്ഷയില്‍ കോപ്പിയടിക്കില്ലെന്നാവര്‍ത്തിച്ച് മീനച്ചിലാറ്റില്‍ മുങ്ങിമരിച്ച അഞ്‌ജുവിന്റെ പിതാവ് ഷാജി. ചേര്‍പ്പുങ്കല്‍ ബി.വി.എം. കോളജ് പ്രിന്‍സിപ്പലിനും ഇന്‍വിജിലേറ്റര്‍ക്കുമെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണം. പോലീസ് ഇപ്പോള്‍ നടത്തുന്ന അന്വേഷണം കോളജിനു വേണ്ടിയുള്ളതാണ്, അതു മകള്‍ക്കു നീതി നേടിത്തരില്ലെന്നു ഷാജി ആരോപിച്ചു.
പ്രതിസ്‌ഥാനത്തുള്ളവര്‍ പ്രബലരായതിനാല്‍ കേസില്‍ കൃത്രിമം നടക്കുമെന്ന് ആശങ്കയുണ്ട്. നന്നായി പഠിക്കുന്ന അഞ്‌ജു കോപ്പിയടിക്കില്ല. കോളജ് അധികൃതരുടെ പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചത്. ഹാള്‍ ടിക്കറ്റിലെ കൈയക്ഷരം അഞ്‌ജുവിന്റേതല്ല. ശനിയാഴ്‌ച കാണാതായ അഞ്‌ജുവിനെ തിരക്കി കോളജില്‍ ചെന്നപ്പോള്‍ പ്രിന്‍സിപ്പല്‍ ആക്ഷേപിച്ച് ഇറക്കിടുകയാണു ചെയ്‌തത്.
കോളജ് അധികൃതര്‍ എഡിറ്റ് ചെയ്‌ത സി.സി. ടിവി ദൃശ്യങ്ങളാണു കാണിക്കുന്നത്. ഒരു കുട്ടി പരീക്ഷയില്‍ കോപ്പിയടിക്കുന്നതു കണ്ടാല്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ല. അഞ്‌ജുവിനെ ചോദ്യം ചെയ്‌തും ആക്ഷേപിച്ചും മാനസികമായി പീഡിപ്പിക്കുകയായിരുന്നു. അഞ്‌ജുവിനെ കാണാതായിട്ടും കോളജ് അധികൃതര്‍ അന്വേഷിച്ചില്ലെന്നും ഹൈറേഞ്ച് എസ്.എന്‍.ഡി.പി. യൂണിയന്‍ ഭാരവാഹികള്‍ക്കൊപ്പമെത്തിയ ഷാജി പറഞ്ഞു.
അഞ്‌ജുവിനെ ഹാളില്‍നിന്ന് ഇറക്കിവിട്ടെന്ന് അടുത്തിരുന്ന വിദ്യാര്‍ഥി പറഞ്ഞാണ് അറിഞ്ഞത്. ആ കുട്ടി പറഞ്ഞതനുസരിച്ചാണ് ബന്ധുവിനെ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. അവര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ ബാഗും മറ്റുമാണു കണ്ടത്. പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിച്ചതു കാരണം മകള്‍ മിനിറ്റുകളോളം ക്ലാസ് റൂമിലിരുന്നു കരഞ്ഞത് ദൃശ്യങ്ങളില്‍ കാണാമെന്നും ഷാജി പറഞ്ഞു.