ദേശീയം
വാട്സാപ് നടപ്പിലാക്കാന്‍ പോകുന്ന സ്വകാര്യതാ നയത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സി സി ഐ
അധികം താമസിയാതെ വാട്സാപ് നടപ്പിലാക്കാന്‍ പോകുന്ന സ്വകാര്യതാ നയത്തിനെതിരെ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ). അന്വേഷണ വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറലിനോട് 60 ദിവസത്തിനുള്ളില്‍ റിപോർട്ട് സമര്‍പ്പിക്കാനാണ് സിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
പുതിയ സ്വകാര്യതാ നയവും ടേംസ് ഓഫ് സര്‍വീസുമായിരിക്കും അന്വേഷണത്തിന്റെ പരിധിയില്‍ വരിക. ഇന്ത്യയിലെ കോംപറ്റീഷന്‍ നിയമങ്ങളെ വളഞ്ഞ വഴിയില്‍ പരിഹരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
വാട്സാപ് വഴി നടത്തുന്ന ബിസിനസ് ചാറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഫെയ്സ്ബുക്കിനും മറ്റു കമ്പനികളുമായി പങ്കുവയ്ക്കുമെന്നും സ്വാകാര്യ ചാറ്റുകള്‍ സ്വകാര്യമായി നിലനിര്‍ത്തുമെന്നുമാണ് വാട്സാപ് അവകാശപ്പെട്ടിരിക്കുന്നത്.
യൂറോപ്പില്‍ വാട്സാപിന്റെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാതെയും ഉപയോക്താക്കള്‍ക്ക് ആപ് തുടര്‍ന്നും ഉപയോഗിക്കാനുള്ള അനുമതി നല്‍കുമ്പോള്‍ എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ക്ക് അത് നല്‍കാത്തതെന്നും പഠനവിധേയമാക്കും. വാട്‌സാപ് ഉപയോഗിക്കണമെങ്കില്‍ ഞങ്ങള്‍ പറയുന്നതു കേള്‍ക്കണം അല്ലെങ്കില്‍ ഉപേക്ഷിച്ചു പോകണമെന്ന ധാര്‍ഷ്ട്യം വാട്സാപിന്റെ നീക്കത്തില്‍ കാണാമെന്നതും അന്വേഷണ വിധേയമാക്കും.