Uncategorized
സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. രണ്ടുപേരും തിരുവനന്തപുരം സ്വദേശികളാണ്. കാട്ടായിക്കോണം സ്വദേശിനി (41), കുമാരപുരം സ്വദേശിനിയായ ഡോക്ടര്‍ (31) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ആകെ 37 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. ഏഴുപേരാണ് നിലവില്‍ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.സംസ്ഥാനം മുഴുവൻ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുമ്പോൾ തികച്ചും അപ്രതീക്ഷിതമായാണ് സിക്ക പകർച്ചവ്യാധിയുടെ കടന്നുവരവ്. പൊതുവേ മാരകമാകില്ലെങ്കിലും ഗർഭസ്ഥശിശുവിന് ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാക്കാനും രോഗംബാധിച്ചവരിൽ ആയിരത്തിലൊരാൾക്ക് നാഡീസംബന്ധമായ തകരാറുകൾ ഉണ്ടാക്കാനും സിക്ക വൈറസ്‌ബാധയ്ക്ക് കഴിയും.
സിക്ക വൈറസിനെതിരായി വാക്സിനേഷനോ ഫലപ്രദമായ ആന്റിവൈറൽ മരുന്നോ ലഭ്യമല്ലെന്ന വസ്തുത സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു.കൊതുകുജന്യരോഗങ്ങൾ പടർന്നുപിടിക്കാൻ അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളത്. മഴക്കാലത്ത് വെള്ളക്കെട്ടുകൾ രൂപപ്പെടാനും ശുദ്ധജല ശേഖരങ്ങളിൽ മുട്ടയിട്ട് പെരുകുന്ന കൊതുകുകളുടെ സാന്ദ്രത വർധിക്കാനുമിടയുണ്ട്.
ആരോഗ്യപ്രവർത്തകരും പോലീസും ജനപ്രതിനിധികളും ഒറ്റക്കെട്ടായി കോവിഡിനെതിരായ പോരാട്ടത്തിലാണ്. സ്വാഭാവികമായ മാലിന്യസംസ്കരണ നടപടികളും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും കൊതുകുനിയന്ത്രണവുമൊക്കെ മന്ദഗതിയിലാക്കാനിടയുണ്ട്. ഈ അവസരം മുതലെടുത്തുകൊണ്ട് സിക്ക വൈറസ് വ്യാപനം ഉണ്ടാകാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധവേണം.