Covid 19
രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത വനിതാ ഡോക്ടര്‍ക്ക് ഒരേ സമയം രണ്ട് കോവിഡ് വകഭേദങ്ങള്‍ ; രാജ്യത്ത് ആദ്യം
രാജ്യത്ത് രണ്ടു വാക്‌സിന്‍ ഡോസും സ്വീകരിച്ച ഡോക്ടർക്ക് കോവിഡിന്റെ രണ്ടു വകഭേദവും പിടിപെട്ടതായി റിപ്പോർട്ട്. അസമിലെ ഒരു വനിതാ ഡോക്ടര്‍ക്കാണ് ഒരേസമയം രണ്ട് വൈറസ് വകഭേദങ്ങളും പിടിപെട്ടത്. കോവിഡിന്റെ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളാണ് ബാധിച്ചത്.
ഐസിഎംആറിന്റെ ദിബ്രുഗഡിലെ റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് ഇരട്ട വൈറസ് ബാധ കണ്ടെത്തുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഒരുമാസത്തിനിടെയാണ് ഡോക്ടര്‍ക്ക് രോഗം പിടിപെടുന്നത്.
തൊണ്ടവേദന, ശരീരവേദന, ഉറക്കമില്ലായ്മ എന്നീ ബുദ്ധിമുട്ടുകളാണ് രോഗ ബാധിതയായ ഡോക്ടര്‍ക്ക് ഉണ്ടായിരുന്നത്. സാധാരണ ഗതിയില്‍ ഇരട്ട വകഭേദങ്ങള്‍ ഒരാളില്‍ വരുന്നത് അപകടകരമായ അവസ്ഥയാണ്. എന്നാല്‍ വാക്‌സിന്റെ ഗുണമേന്മയാല്‍ രോഗി ആരോഗ്യവതിയാണെന്ന് റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ബി ജെ ബോര്‍കകോട്ടി പറഞ്ഞു.
രണ്ട് വകഭേദങ്ങള്‍ ഒരു വ്യക്തിയെ ഒരേസമയം അല്ലെങ്കില്‍ വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ബാധിക്കുമ്പോഴാണ് ഇരട്ട അണുബാധ സംഭവിക്കുന്നത്. നേരത്തെ ബ്രിട്ടന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ ഒരാളില്‍ ഇരട്ട വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ആദ്യ സംഭവമാണെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.