Covid 19
കോവിഷീൽഡും കൊവാക്സിനും രേ വ്യക്തിക്ക്; വാക്സിൻ മിക്സിങ് പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ
വ്യത്യസ്ത വാക്സിനുകൾ ഒരാൾക്ക് നൽകുന്ന വാക്സിൻ മിക്സിങ്ങിന്റെ സാധ്യത പരിശോധിക്കാൻ ഇന്ത്യ. ആദ്യ ഡോസായി നൽകിയ വാക്സിനു പകരം മറ്റൊരു വാക്സിൻ രണ്ടാം ഡോസായി നൽകുന്നതാണ് വാക്സിൻ മിക്സിങ്. ഇന്ത്യയിൽ നൽകിവരുന്ന കോവിഡ് വാക്സിനുകളായ കോവിഷീൽഡ്– കൊവാക്സിൻ എന്നിവയിൽ ഈ പരീക്ഷണം നടത്താൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കു കീഴിലെ വിദഗ്ധ സമിതി ശുപാർശ ചെയ്തു.
അബദ്ധത്തിൽ വാക്സിൻ മാറി കുത്തിവയ്ക്കുന്ന സംഭവങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. ഇങ്ങനെ ഉണ്ടാകരുതെന്നും പ്രത്യേക ശ്രദ്ധ വേണമെന്നുമാണ് മുന്നറിയിപ്പെങ്കിലും രണ്ട് വ്യത്യസ്ത വാക്സിനുകൾ സ്വീകരിച്ചിട്ടും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യപ്രവർത്തകളുടെ ശ്രദ്ധക്കുറവ് മൂലം ഇങ്ങനെ സംഭവിച്ചാലും പരിഭ്രമിക്കേണ്ടതില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
വാക്സിൻ മിക്സിങ്ങിന്റെ സാധ്യത പരിഗണിക്കുമ്പോൾ പാർശ്വഫല സാധ്യത, കാലാവധി, ആവശ്യമുള്ള ശീതീകരണം എന്നിവയൊക്കെ പരിഗണിക്കും. വ്യത്യസ്ത വാക്സിനുകൾ നൽകുന്നത് മെച്ചപ്പെട്ട പ്രതിരോധശേഷി ഉണ്ടാകാൻ സഹായിക്കുമെന്നാണ് നിഗമനം.
ഒരു വാക്സീന്റെ ആദ്യ ഡോസ് എടുത്തയാൾക്കു പാർശ്വഫലം റിപ്പോർട്ട് ചെയ്താൽ മറ്റൊരു വാക്സീൻ കൊണ്ടു കുത്തിവയ്പ് പൂർത്തിയാക്കാൻ കഴിയുമെന്ന സാധ്യതയുമുണ്ട്. ഫൈസർ–അസ്ട്രാസെനക, സ്പുട്നിക്–അസ്ട്രാസെനക തുടങ്ങിയവയുടെ മിക്സ് പരീക്ഷണങ്ങൾ ലോകത്ത് പലയിടങ്ങളിലും ഇപ്പോൾ നടക്കുന്നുണ്ട്.