കേരളം
മാനന്തവാടിയിൽ കടുവയിറങ്ങി; മയക്കുവെടിവെച്ച് പിടികൂടാന്‍ സന്നാഹവുമായി വനംവകുപ്പ്
കല്ലിയോട് മുസ്ലീംപള്ളിക്ക് സമീപം കടുവയിറങ്ങി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് എത്തി സ്ഥലത്ത് പരിശോധന നടത്തി കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാവിലെ 11 മണിയോടെയാണ് മാനന്തവാടി പിലാക്കാവ് ജെസി എസ്റ്റേറ്റിലേക്ക് കടുവ പോകുന്നത് പ്രദേശവാസികളായ ഉമ്മറും കൂട്ടുകാരും കണ്ടതെന്ന് പറയുന്നു.
നായ്ക്കള്‍ നിര്‍ത്താതെ കുരച്ചത് കാരണം തങ്ങള്‍ ശ്രദ്ധിക്കുകയായിരുന്നുവെന്ന് ഉമ്മര്‍ പറഞ്ഞു. തേയിലത്തോട്ടത്തില്‍ കടുവ അവശ നിലയിലാണെന്ന് വനംവകുപ്പ് എത്തി സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ദര്ശന് ഘട്ടാണിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തയത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ സുല്‍ത്താന്‍ബത്തേരിയില്‍ നിന്നുള്ള ദ്രുതകര്‍മ്മസേനയും ഡോക്ടറുമടങ്ങുന്ന സംഘം നാല്മണിയോടെ പ്രദേശത്ത് എത്തിയിട്ടുണ്ട്.
കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം നടക്കുകയാണ്. നോര്‍ത്ത് വയനാട് ഡി.എഫ്.ഒയും സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കിലും പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. നാട്ടുകാര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജെസ്സി എസ്റ്റേറ്റിന്റെ പരിസരത്ത് ആളുകള്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് വനപാലകര്‍ അറിയിച്ചു.
മാനന്തവാടി ഡിവൈഎസ്പി ചന്ദ്രന്, സിഐ കരീം, സ്റ്റേഷന് ഹൗസ് ഓഫീസര്‍ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. മാനന്തവാടി നഗരസഭ നാലാം ഡിവിഷനില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കല്ലിയോട്.