കേരളം
മൂന്നു വയസ്സുകാരിയെ കടിച്ച നായയ്ക്കു പേ വിഷബാധ; സ്ഥിരീകരിച്ചത് ജഡം പുറത്തെടുത്തുള്ള പരിശോധനയില്‍
തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മൂന്നുവയസുകാരിയെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കുട്ടിയെ കടിച്ച് മണിക്കൂറുകള്‍ക്കകം തെരുവുനായ ചത്തിരുന്നു. മാമ്പള്ളിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നതിനിടെയായിരുന്നു റീജന്‍- സരിത ദമ്പതികളുടെ മകള്‍ റോസ്ലിയെ നായ ആക്രമിച്ചത്.
നായയുടെ ആക്രമണത്തില്‍ കൂട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപ വാസികളാണ് കുട്ടിയെ രക്ഷിച്ചത്. മുഖത്തും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തുപരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കുട്ടിയെ കടിച്ച ശേഷം നായ മണിക്കൂറുകള്‍ക്കം ചത്തിരുന്നു. തുടര്‍ന്ന് ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നായയുടെ ജഡം പുറത്തെടുത്ത് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ അഞ്ചുതെങ്ങ് ഗവ. വെറ്ററിനറി സർജൻ എസ്.ജസ്‌നയുടെ മേൽനോട്ടത്തിൽ നായയുടെ ജഡം പുറത്തെടുത്ത് പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലേക്കു പരിശോധനയ്ക്ക് അയച്ചു.
ഇതിന്റെ പരിശോധനാഫലത്തിലാണ് നായയ്ക്ക് പേവിഷബാധയുണ്ടായിരുന്നുവെന്നു സ്ഥിരീകരിച്ചത്. കുട്ടിയെ നായയുടെ ആക്രമണത്തിൽനിന്നു രക്ഷിച്ചവർ ഉൾപ്പെടെ കുട്ടിയുമായി നേരിട്ടു സമ്പർക്കം പുലർത്തിയ പത്തോളം പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയതായി അഞ്ചുതെങ്ങ് സി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസർ അനിൽകുമാർ പറഞ്ഞു.