കേരളം
സംസ്ഥാന സ്കൂൾ കലോത്സവം അടുത്ത വർഷം മുതൽ പുതിയ മാനുവൽ പ്രകാരം: മന്ത്രി വി ശിവൻകുട്ടി
സംസ്ഥാന സ്കൂൾ കലോത്സവം അടുത്ത വർഷം മുതൽ പുതിയ മാനുവൽ പ്രകാരം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. അതിനായി കരട് തയ്യാറാക്കി പൊതുജനങ്ങളോട് അഭിപ്രായം തേടുമെന്ന് മന്ത്രി അറിയിച്ചു. ഇപ്രാവശ്യം കലോത്സവം ഭംഗിയാക്കാൻ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
വിധികർത്താക്കളുടെ യോഗ്യത വേദിയിൽ അനൗൺസ് ചെയ്തിട്ടുണ്ട്. സമ്മാനത്തിലല്ലാ കാര്യമെന്നും മത്സരത്തിൽ പങ്കെടുത്തതാണ് അഭിമാനമെന്നും മന്ത്രി പറഞ്ഞു. സമ്മാനം ലഭിക്കാത്തവരും സിനിമാ താരങ്ങൾ ആയിട്ടുണ്ട്. മത്സരത്തിന് മുമ്പ് കുട്ടികൾ മാനസിക സമ്മർദ്ദത്തിലായിരുന്നു. അടുത്ത വർഷം മുതൽ അപ്പീൽ നൽകുന്നതിനും മാനദണ്ഡം കൊണ്ട് വരുമെന്നും മന്ത്രി വ്യക്തമാക്കി.
62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്ത് വെച്ചാണ് നടക്കുന്നത്. കലോത്സവത്തിൽ കണ്ണൂരാണ് ആധിപത്യം തുടരുന്നത്. മൂന്നാം ദിവസം പിന്നിടുമ്പോൾ 674 പോയിന്റുമായാണ് കണ്ണൂർ ജില്ല മുന്നേറുന്നത്. 648 പോയന്റുമായി പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം രണ്ടാമത് തുടരുകയാണ്. 631 പോയിന്റുള്ള തൃശൂരാണ് മൂന്നാമത്. ആതിഥേയരായ കൊല്ലം 623 പോയിന്റുമായി അഞ്ചാം സ്ഥാനത്താണുള്ളത്.