കേരളം
തിരുവനന്തപുരത്ത് അമ്മക്ക് നേരെ മകന്റെ ക്രൂരമർദ്ദനം
തിരുവനന്തപുരം വര്‍ക്കല ഇടവയില്‍ അമ്മയ്ക്കുനേരെ മകന്റെ ക്രൂരമായ മര്‍ദ്ദനം. അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
Also read: അമ്മയെ ക്രൂരമായി തല്ലിച്ചതച്ച മകൻ അറസ്റ്റിൽ
നിലത്തിരിക്കുന്ന അമ്മയെ മകന് ചവിട്ടുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മകന് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും റസാഖിനെ കണ്ടെത്താനായില്ല.
അമ്മയെ മര്‍ദ്ദിക്കുന്ന മകന് റസാക്കിന്റെ ചിത്രങ്ങള്‍ സഹോദരിയാണ് ക്യാമറയില്‍ പകര്‍ത്തിയത്. തനിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് സഹോദരി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
ബസിൽ ക്ലീനറായി ജോലിനോക്കുന്ന ഇയാൾ ഒരു ക്രിമിനൽ ആണെന്നും കള്ളിനും കഞ്ചാവിനും അടിമയായ റസാഖ് നിയമത്തെയും നിയമപാലകരെയും വെല്ലുവിളിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇയാൾ അഞ്ചലിൽ ഒരു സ്ത്രീയോടൊപ്പം ആണ് താമസിക്കുന്നതെന്നും വല്ലപ്പോഴുമാണ് വീട്ടിലേക്ക് വരുന്നതെന്നുമാണ് നാട്ടുകാർ പറയുന്നത്.
സംഭവത്തിന് ശേഷം റസാഖ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.