കേരളം
സോളാർ കേസ്; ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സിപിഎം ഉണ്ടാക്കിയ തിരക്കഥ പ്രതിപക്ഷം
സോളാർ കേസ് ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സിപിഎം ഉണ്ടാക്കിയ തിരക്കഥയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷം. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നേതാക്കൾ. അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സിപിഎം ഉണ്ടാക്കിയ തിരക്കഥയാണ് സോളാർ കേസ്. വിശദമായ അന്വേഷണം വേണം. ഗൂഢാലാേചനയിൽ സമഗ്ര അന്വേഷണം വേണം. ഏത് അന്വേഷണം എന്ന് സർക്കാർ തീരുമാനിക്കട്ടെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ശ്രീധരൻ നായർ കെപിസിസി അംഗം എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ആ കാലയളവിൽ താനാണ് കെപിസിസി പ്രസിഡന്റ്. ഇത്തരം പ്രചാരണങ്ങൾ വസ്തുതയ്ക്കു നിരക്കാത്തതാണെന്നും ചെന്നിത്തല പറഞ്ഞു. മാസപ്പടി വിവാദം നിസാരവൽക്കരിച്ച് അവസാനിപ്പിക്കാൻ പറ്റുമോ എന്നാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. വിഷയത്തിൽ നിന്ന് ഒളിച്ചോടാൻ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. സിബിഐ റിപ്പോർട്ട് സർക്കാർ പറയുന്നത് വിചിത്ര വാദമെന്ന് വി ഡി സതീശനും പറഞ്ഞു.
ഉമ്മൻചാണ്ടിക്കെതിരെ ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ഞങ്ങളുടെ ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ട് പോയതും മുഖ്യമന്ത്രിയാണ്. അധികാരത്തിൽ വന്നു മൂന്നാം ദിവസം പരാതിക്കാരി മുഖ്യമന്ത്രിയെ കാണുന്നു. പരാതിക്കാരിക്ക് പണം കൊടുത്തു കത്തു വാങ്ങിയത് നന്ദകുമാർ ആണെന്നും വി ഡി സതീശൻ പറഞ്ഞു. സോളാർ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സതീശൻ.