Covid 19
കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക
കോവിഡ് ഇല്ലെന്നുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ ഫലം കയ്യില്‍ കരുതണമെന്നാണ് സർക്കാർ നിര്‍ദേശം.
കോവിഡ് വ്യാപനം രൂക്ഷമായ കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരും, ഈ സംസ്ഥാനങ്ങളില്‍ പോയി മടങ്ങിവരുന്നവരും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി.
നേരത്തെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയായിരുന്നു. കോവിഡ് രണ്ടാം തരംഗം ദുര്‍ബലമായതോടെ കര്‍ണാടകയില്‍ സ്‌കൂളുകളും കോളേജുകളും തുറന്നിട്ടുണ്ട്.
അതേസമയം കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ വരുന്ന മൂന്നാഴ്ച അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
നേരത്തെ കണക്കുകൂട്ടിയതിന് അനുസരിച്ചാണ് ഇപ്പോള്‍ കോവിഡ് വ്യാപനം സംഭവിക്കുന്നത്. കോവിഡ് വ്യാപനനിരക്ക് ദേശീയ തലത്തേക്കാള്‍ കേരളത്തില്‍ കുറവാണ്. രോഗം ബാധിക്കാത്ത 50 ശതമാനത്തിലേറെ ആളുകള്‍ കേരളത്തിലുണ്ട്. കോവിഡ് പ്രതിരോധത്തിന് ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കണം. എന്നാല്‍ മാത്രമേ കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.