ദേശീയം
RBI repo rate | മുഖ്യപലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്
കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളര്‍ച്ചയും പരിഗണിച്ച് ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. ഇതോടെ റിപ്പോ 6.5 ശതമാനത്തില്‍ തുടരും. വളര്‍ച്ചാ അനുമാനം നേരത്തെയുള്ള 7 ശതമാനത്തില്‍നിന്ന് മാറ്റംവരുത്തിയില്ല.
വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ‘ഉള്‍ക്കൊള്ളാവുന്നത്’ (അക്കൊമഡേറ്റീവ് നയം പിന്‍വലിക്കാനും എംപിസി യോഗത്തില്‍ ധാരണയായതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. പണപ്പെരുപ്പ ഭീഷണി അവസാനിച്ചിട്ടില്ലെന്നുതന്നെയാണ് ആര്‍ബിഐ ഇതില്‍നിന്ന് നല്‍കുന്ന സൂചന.
ആറാമത്തെ വായ്പാ നയയോഗത്തിലാണ് നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. 2022 മെയില്‍ ആരംഭിച്ച നിരക്ക് വര്‍ധനവിന് 2023 ഫെബ്രുവരിയിലാണ് വിരാമമിട്ടത്. വിവിധ ഘട്ടങ്ങളിലായി നിരക്കില്‍ 2.50 ശതമാനം വര്‍ധനവരുത്തുകയും ചെയ്തു.
പണപ്പെരുപ്പം ക്ഷമതാ പരിധിയായ നാല് ശതമാനത്തിന് താഴെ കൊണ്ടുവരാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും എംപിസി യോഗം തീരുമാനിച്ചു.