ദേശീയം
പ്രധാന മന്ത്രിയുടെ മൻ കി ബാത്ത് 100-ാം എപ്പിസോഡ് ഇന്ന്, യുഎന്നിലും സംപ്രേഷണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്യും. യുഎൻ ആസ്ഥാനത്തിലെ ട്രസ്റ്റിഷിപ് കൗൺസിൽ ചേംബറിൽ പരിപാടി തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് അരമണിക്കൂർ നീളുന്ന പരിപാടി യുഎൻ ആസ്ഥാനത്ത് പ്രാദേശിയ സമയം ഉച്ചയ്ക്ക് 1.30 നാകും സംപ്രേഷണം.
മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് യുഎൻ ആസ്ഥാനത്ത് സംപ്രേഷണം ചെയ്യുന്ന ചരിത്ര നിമിഷത്തിന് തയ്യാറെടുക്കൂ എന്ന് ആഹ്വാനം ചെയ്ത് യുഎൻ സ്ഥിര പ്രതിനിധി കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്‌തിരുന്നു. ഇന്ത്യയുടെ വികസന യാത്രയിൽ പങ്കാളികളാകാൻ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന മൻകിബാത്ത് പ്രതിമാസ ദേശീയ ആചാരമായി മാറിയിരിക്കുന്നു എന്നും യുഎൻ സ്ഥിര പ്രതിനിധി ട്വിറ്ററിൽ കുറിച്ചു.
2014 ഒക്ടോബർ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്ത് ആദ്യമായി അവതരിപ്പിച്ചത്. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് മാസത്തിന്റെ അവസാന ഞായറാഴ്ചയാണ് സംപ്രേഷണം ചെയ്യുന്നത്. വിവിധ വികസന വിഷയങ്ങളും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളും പരിപാടിൽ അവതരിപ്പിക്കും. നൂറാം എപ്പിസോഡ് ആഘോഷത്തിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന പ്രത്യേക പരിപാടികൾ കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ചു.