ദേശീയം
ട്രെയിൻ ദുരന്തം; ട്രെയിനിൽ കൂട്ടയിടി ഒഴിവാക്കുന്ന ‘കവച്’ സംവിധാനം ഉണ്ടായിരുന്നില്ല
ഒഡിഷയില്‍ നടന്ന അപകടത്തിന് കാരണം ട്രെയിന്‍ സിഗ്നലിങ്ങിലെ പിഴവാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള ബോഗികളും സാങ്കേതിക വിദ്യയില്‍ മുന്നിലുള്ള ട്രെയിനുകളും ഉണ്ടെന്ന് രാജ്യം അവകാശവാദം ഉന്നയിക്കുമ്പോഴാണ് ഇങ്ങനെയൊരു അപകടം സംഭവിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രെയിനിൽ കവച്ച് സംവിധാനം ഉണ്ടായിരുന്നില്ലെന്ന് റെയിൽവേ സേഫ്റ്റി കമ്മീഷ്ണർ വിലയിരുത്തി.
സിഗ്നലിങ് സംവിധാനത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പിഴവാണ് ഉണ്ടായിരിക്കുന്നത്. ‘കവച്’ എന്ന സിഗ്നലിങ് രീതിയാണ് ഇന്ത്യന്‍ റെയില്‍വേ സുരക്ഷക്കായി ആശ്രയിക്കുന്നത്. ഒരേ പാതയിൽ രണ്ട് ട്രെയിനുകൾ വന്നാൽ കൂട്ടയിടി ഒഴിവാക്കുന്ന സുരക്ഷ സംവിധാനം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ‘കവച്’
എന്നാല്‍ ഇത് കാര്യക്ഷമമായി ഉപയോഗിച്ചാല്‍ ഒരിക്കലും ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിക്കില്ല. പൂര്‍ണമായും ഈ സംവിധാനത്തെ ഉപയോഗപ്പെടുത്താത്തത് തന്നെയാണ് പ്രധാന പ്രശ്നം. ഒരു അപകടം നടന്നാല്‍ കൃത്യമായി രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സംവിധാനം പോലുമില്ലാത്ത തരത്തിലാണ് നിലവില്‍ രാജ്യത്തെ നല്ലൊരു ശതമാനം ട്രെയിനുകളും.
ട്രെയിന്‍ കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റമായ ‘കവച്’ പരിചയപ്പെടുത്തിക്കൊണ്ട് അശ്വിനി വൈഷ്ണവ് സംസാരിക്കുന്ന വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ വന്നാല്‍പ്പോലും കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ 400 മീറ്റര്‍ മുമ്പ് ഓട്ടോമാറ്റിക് ആയി സ്റ്റോപ് ആകുന്ന സംവിധാനമാണ് കവച്. പക്ഷേ ഈ സാങ്കേതിക വിദ്യ നിലവില്‍ വന്നിട്ടും വിരലിലെണ്ണാവുന്നയിടങ്ങളില്‍ മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ എന്നതാണ് സത്യം.
എന്താണ് കവച്?
ഇന്ത്യ തദേശീയമായി വികസിപ്പിച്ച ആന്റി കൊളീഷൻ സംവിധാനമാണ് കവച്. ഓരോ സിഗ്നല്‍ കഴിയുമ്പോഴും ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കുന്ന സിസ്റ്റമാണ് കവച്. നിശ്ചിത ദൂരത്തിനുള്ളില്‍ അതേ ലൈനില്‍ മറ്റൊരു ട്രെയിന്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ സിസ്റ്റത്തിന് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കാനും ഓട്ടോമാറ്റിക് ബ്രേക്ക് അപ്ലെ ചെയ്യാനും സാധിക്കും. മോശം കാലാവസ്ഥ, ട്രാക്കിലെ പ്രശ്‌നങ്ങള്‍ എന്നിവയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും കവചിന് സാധിക്കും.
നിര്‍മ്മാണം ആത്മനിർഭർ ഭാരത്
ലോകത്തിലെ തന്നെ ഏറ്റവും ചെലവു കുറഞ്ഞ ട്രെയിന്‍ സുരക്ഷാ സംവിധാനമാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ–മധ്യ റെയിൽവേയിലാണ് ഇതിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. നിശ്ചിത ദൂരപരിധിയില്‍ ഒരേ പാതയില്‍ രണ്ടു ട്രെയിനുകള്‍ വന്നാല്‍ നിശ്ചിത ദൂരത്തിനുള്ളിൽ ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്തു ട്രെയിനുകൾ നിർത്താൻ കഴിയുന്ന സംവിധാനമാണിത്. ഒരു ലോക്കോ പൈലറ്റ് സിഗ്നൽ തെറ്റിച്ചാൽ മുന്നറിയിപ്പ് നൽകുകയും, അതേ ലൈനിൽ മറ്റൊരു ട്രെയിൻ വരുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ട്രെയിൻ ഓട്ടോമാറ്റിക്കായി നിർത്തുകയും ബ്രേക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ആത്മനിർഭർ ഭാരത് പദ്ധതിയുമായി ബന്ധപ്പെടുത്തി 2022ലെ ബജറ്റിൽ കവച് സംവിധാനവും ഇടംപിടിച്ചിരുന്നു. ആകെ 2000 കിലോമീറ്റർ റെയിൽ നെറ്റ്‌വർക്ക് ഈ സംവിധാനത്തിനു കീഴിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയാണ് ബജറ്റിൽ അവതരിപ്പിക്കപ്പെട്ടത്. രാജ്യത്താകായുള്ള ട്രെയിന്‍ റൂട്ടുകളില്‍ കവച് സംവിധാനം സ്ഥാപിക്കാനുള്ള നപടികള്‍ തുടര്‍ന്നുവരികയാണ്.
എസ്‌ഐഎല്‍ 4 സര്‍ട്ടിഫൈഡ് സാങ്കേതികവിദ്യ
ഒരേ പാതയില്‍ രണ്ടു ട്രെയിനുകൾ വന്നാല്‍ കൂട്ടിയിടി ഒഴിവാക്കുന്ന അത്യാധുനിക സിഗ്നല്‍ സംവിധാനമായ കവചിന് സാധിക്കും. അത്യാധുനിക സുരക്ഷാ സംവിധാനമായ എസ്‌ഐഎല്‍ 4 സര്‍ട്ടിഫൈഡ് സാങ്കേതികവിദ്യയാണ് കവചില്‍ ഉപയോഗിക്കുക. ഇതനുസരിച്ച് പിഴവു സംഭവിക്കാൻ സാധ്യത വളരെ കുറവാണ്. ഒരു ട്രെയിനിന്റെ ചലന വിവരങ്ങള്‍ തുടര്‍ച്ചയായി പുതുക്കപ്പെടുന്നതിലൂടെ, ഒരു ലോക്കോ പൈലറ്റ് സിഗ്‌നല്‍ തെറ്റിക്കുമ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നതാണ് ഇതിന്റെ സവിശേഷത. സിഗ്‌നൽ സംവിധാനവുമായി ബന്ധപ്പെട്ട പിഴവുകളാണ് ട്രെയിൻ അപകടങ്ങളിൽ മിക്കപ്പോഴും വില്ലനാകുന്നത്.