ദേശീയം
തമിഴ്‌നാട് വിഭജനം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസർക്കാർ
തമിഴ്‌നാട് ഉള്‍പ്പെടെ രാജ്യത്തെ ഒരു സംസ്ഥാനവും വിഭജിക്കാനുള്ള യാതൊരു നിര്‍ദേശങ്ങളും പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. തമിഴ്‌നാട് വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് കേന്ദ്രം വിരാമമിട്ടിരിക്കുന്നത്. ഡിഎംകെ എംപി എസ്. രാമലിംഗവും ഐജെകെ പാര്‍ട്ടി എംപി ടി.ആര്‍. പാരിവേന്ദറും ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ സംസ്ഥാനം രൂപീകരിക്കാനായി വിവിധ വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും പലപ്പോഴായി അപേക്ഷകള്‍ ലഭിക്കാറുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. ഒരു സംസ്ഥാനം പുതുതായി രൂപീകരിക്കുന്നത് സങ്കീര്‍ണത നിറഞ്ഞതാണെന്നും ഫെഡറല്‍ ഭരണസംവിധാനത്തെ നേരിട്ടു ബാധിക്കുന്നതാണെന്നും കേന്ദ്രം അറിയിച്ചു.
പ്രസക്തമായ എല്ലാ ഘടകങ്ങളും പരിശോധിച്ച് മാത്രമേ സര്‍ക്കാര്‍ അത്തരം നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്നും മന്ത്രി അറിയിച്ചു. തമിഴ്‌നാടിനെ വിഭജിക്കുകയാണ് ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമെന്ന തരത്തില്‍ വമ്പന്‍ ചര്‍ച്ചയാണ് സംസ്ഥാനത്തു നടന്നുകൊണ്ടിരിക്കുന്നത്. കൊങ്കുനാട്ടില്‍നിന്നുള്ള എല്‍. മുരുഗനെ കേന്ദ്രമന്ത്രിസഭയിലേക്കു പരിഗണിച്ചതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. നടന്‍ കമല്‍ഹാസന്‍ ഉള്‍പ്പെടെ ബിജെപിക്കെതിരെ രംഗത്തെത്തി.
തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കൊങ്കുനാട് എന്നറിയപ്പെടുന്നത്. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പുര്‍, ഈറോഡ്, കരൂര്‍, നാമക്കല്‍, സേലം, ഡിണ്ടിഗല്‍ ജില്ലയിലെ ഓട്ടന്‍ഛത്രം, വേദസന്തുര്‍, ധര്‍മപുരി ജില്ലയിലെ പപ്പിരേഡിപ്പട്ടി തുടങ്ങിയ പ്രദേശങ്ങളാണ് കൊങ്കുനാട്ടില്‍ വരുന്നത്.