ദേശീയം
രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 74ല്‍ നിന്ന് 140 ആയി
മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട്. അദ്ദേഹം 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ വിമാനത്താവളങ്ങളുടെ എണ്ണം 74 ആയിരുന്നു. ഇപ്പോള്‍ അത് 140 ആയി ഉയര്‍ന്നു. നാളെ ഗോവയിലെ മോപ്പ വിമാനത്താവളത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 220 വിമാനത്താവളങ്ങള്‍ വികസിപ്പിക്കാനും പ്രവര്‍ത്തനക്ഷമമാക്കാനുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
നവംബറില്‍ അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലെ ആദ്യഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം മോദി നാടിന് സമര്‍പ്പിച്ചിരുന്നു. 2019ലാണ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മോദി തറക്കല്ലിട്ടടത്. ജൂലൈയില്‍ ദിയോഘര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു. നവംബറില്‍ തന്നെ ഉത്തര്‍പ്രദേശിലെ നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിട്ടു. ബുദ്ധമത കേന്ദ്രമായ കുശിനഗറിലെ വിമാനത്താവളം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അദ്ദേഹം ജനങ്ങള്‍ക്കായി തുറന്നുനല്‍കി.
നാളെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മോപ്പ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ ശിലാസ്ഥാപനം 2016ലാണ് മോദി നടത്തിയത്. മോപ്പ ഗോവയിലെ രണ്ടാമത്തെ വിമാനത്താവളമാണിത്. ദബോലിം വിമാനത്താവളത്തില്‍ നിന്നുള്ളതിനെക്കാള്‍ ഏറെ നവീകരിച്ചതും കൂടുതല്‍ സൗകര്യമുള്ളതുമാണ് പുതിയ വിമാനത്താവളം.