കേരളം
പാലക്കാട് ഷൊർണൂർ കവളപ്പാറയിൽ പൊള്ളലേറ്റ് സഹോദരിമാർ മരിച്ച സംഭവത്തിൽ ദുരൂഹത
പാലക്കാട് ഷൊർണൂർ കവളപ്പാറയിൽ പൊള്ളലേറ്റ് സഹോദരിമാർ മരിച്ച സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ഇത് ശരിവെക്കുന്ന നിലപാടിലാണ് പൊലീസും. അപകടം നടന്നപ്പോൾ ഒരാൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. തീ പടർന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഈ സമയത്ത് ഒരാൾ വീട്ടിൽ നിന്നിറങ്ങിയോടുന്നത് കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ഈ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ട് സ്ത്രീകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതേസമയം, തീ കത്തുന്നത് കണ്ടാണ് അങ്ങോട്ട് ഓടിക്കയറിയതെന്നാണ് വീട്ടിൽ നിന്നും ഇറങ്ങിയോടിയ ആൾ പറയുന്നത്. അപകടം കണ്ടാണ് അങ്ങോട്ട് എത്തിയത്. തനിക്കും അപകടത്തിൽ പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ ശരീരത്തിലും പൊള്ളലേറ്റ പാടുകൾ ഉണ്ട്. എന്നാൽ പൊലീസ് ഈ വിശദീകരണം മുഖവിലക്കെടുത്തിട്ടില്ല. ഇറങ്ങിയോടിയ ആൾ ആരാണെന്ന് നാട്ടുകാർക്കും വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഷൊർണ്ണൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗ്യാസിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റാണ് സഹോദരിമാർ മരിച്ചത്. പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്. കവളപ്പാറ നീലാമല കുന്നിൽ ഇന്നാണ് സംഭവമുണ്ടായത്.