കേരളം
ആപ്പിൾ ഹൈറ്റ്സ് ഫ്ലാറ്റ് ഒഴിയണമെന്ന് നഗരസഭ, 85ലേറെ കുടുംബങ്ങള്‍ പ്രതിസന്ധിയിൽ
വാഴക്കാലയിലെ ആപ്പിൾ ഹൈറ്റ്സ് ഫ്ലാറ്റ് ഒഴിയണമെന്ന് തൃക്കാക്കര നഗരസഭ ആവശ്യപെട്ടതോടെ 85ലേറെ കുടുംബങ്ങള്‍ പ്രതിസന്ധിയിലായി. അനധികൃതമെന്ന് കണ്ടെത്തിയ ഫ്ലാറ്റിന് നഗരസഭ നിശ്ചയിച്ച പിഴ അടക്കാൻ നിര്‍മ്മാതാക്കള്‍ തയ്യാറാവാത്തതാണ് താമസക്കാരെ കുടിയിറക്ക് ഭീഷണിയിലാക്കിയത്.
അനധികൃത നിര്‍മ്മാണത്തിനുള്ള പിഴക്ക് പുറമേ 135 ഫ്ലാറ്റുകളുള്ള സമുച്ചയത്തിന് നഗരസഭക്ക് അടക്കേണ്ട പെർമിറ്റ് ഫീസും നികുതിയും വര്‍ഷങ്ങളായി കുടിശികയാണ്. മാത്രവുമല്ല ഫയര്‍, മലനീകരണ നിയന്ത്ര ബോര്‍ഡ് എൻ ഒ സിയും നിര്‍മ്മാതാക്കള്‍ നഗരസഭയില്‍ ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഫ്ലാറ്റ് സമുച്ചയത്തിൽ ആളുകൾ താമസിക്കുന്നത് നിയമ വിരുദ്ധമായതിനാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഗുരുതര പ്രശ്‌നങ്ങൾ ഒഴിവാക്കാൻ താമസക്കാർ ഒഴിയണമെന്നാണ് നഗരസഭയുടെ ഉത്തരവ്.
ഇതിനിടയില്‍ മുൻ വശത്തെ മൂന്ന് സെന്‍റ് സ്ഥലം മെട്രോ വികസനത്തിനായി കെ എം ആര്‍ എല്‍ ഏറ്റെടുത്തിരുന്നു.ഭൂമി വിലയായി ഒരു കോടി 36 ലക്ഷം രൂപ നല്‍കുകയും ചെയ്തു.ഈ തുകയില്‍ നിന്ന് ഒരു കോടി പതിനൊന്ന് ലക്ഷം രൂപ നല്‍കി നഗരസഭയുടെ കുടിശിക തീര്‍ത്ത് കെട്ടിടം നിയമ വിധേയമാക്കണമെന്ന് ഫ്ലാറ്റിലെ താമസക്കാര്‍ ആവശ്യപെട്ടെങ്കിലും അതിനും നിര്‍മ്മാതാക്കള്‍ തയ്യാറായിട്ടില്ല.ഈ സാഹചര്യത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഫ്ലാറ്റിലെ താമസക്കാരുടെ ആവശ്യം.