കേരളം
ഇമ്രാനു വേണ്ടി സമാഹരിച്ച തുകയുടെ മുക്കാൽ ഭാഗവും സമാന രോഗം അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് നൽകും
സ്‌പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് കഴിഞ്ഞമാസം മരണമടഞ്ഞ ഇമ്രാനുവേണ്ടി സമാഹരിച്ച തുകയുടെ മുക്കാൽ ഭാഗവും ഇതേ രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി വിനിയോഗിക്കും. മങ്കട വലമ്പൂരിൽ ചികിത്സാ – സഹായകമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. മങ്കട ഗവൺമെൻറ് ആശുപത്രിയിൽ കുട്ടികളുടെ ചികിത്സയ്ക്കായി ഇമ്രാന്റെ പേരിൽ പ്രത്യേക ബ്ലോക്ക് നിർമിക്കാനും ചികിത്സാസഹായ സമിതി തീരുമാനിച്ചു.
16.61 കോടി രൂപയാണ് ഇമ്രാന്റെ ചികിത്സക്ക് വേണ്ടി സമാഹരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായ സർവേയുടെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചത്. മഞ്ഞളാംകുഴി അലി എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന ചികിത്സ സഹായ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. തുക സമാന രോഗാവസ്ഥയിൽ ഉള്ളവരുടെ ചികിത്സക്ക് കൈമാറണം എന്ന് ആയിരുന്നു സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തിയ സർവേയിൽ ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടത്.
സർവേയിൽ പങ്കെടുത്ത 75 ശതമാനം പേർ ഇതേരോഗം ബാധിച്ച മറ്റു കുട്ടികൾക്ക് സഹായമായി നൽകണമെന്ന് അഭിപ്രായപ്പെട്ടു. 25 ശതമാനം പേർ ഇമ്രാന് സ്മാരകമായി കുട്ടികളെ ചികിത്സിക്കുന്നതിനുള്ള ആശുപത്രി നിർമിക്കണമെന്നും ആവശ്യപ്പെട്ടു. അതുപ്രകാരം 12 കോടി രൂപ സമാന രോഗത്തിന് ചികിത്സയിലുള്ള 6 പേർക്ക് നൽകും. ക്രൗഡ് ഫണ്ടിംഗിലൂടെ 8 കോടി രൂപ സമാഹരിച്ചവർക്ക് ആകും 02 കോടി രൂപ വച്ച് നൽകുക. ബാക്കി തുക കൊണ്ട് മങ്കട സർക്കാർ ആശുപത്രിയിൽ ഇമ്രാന്റെ പേരിൽ കെട്ടിടം നിർമിക്കും. 2,86,000 ആളുകളാണ് സഹായം നൽകിയാണ് 16.61 കോടി രൂപ ലഭിച്ചത്.
ദൗർഭാഗ്യവശാൽ ഇമ്രാന് മരുന്ന് എത്തിക്കും മുൻപ് കുഞ്ഞ് ലോകത്തോട് വിട പറഞ്ഞു. പിന്നെ ഈ തുക എന്ത് ചെയ്യണം എന്ന് തീരുമാനിക്കാൻ ഓൺലൈൻ ആയി അഭിപ്രായ സർവേ നടത്തുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 12 കോടി രൂപ ചികിത്സ സഹായം ആയി നൽകാൻ തീരുമാനിച്ചു. കോടതിയുടെ കൂടെ തീരുമാനം വന്നതിന് ശേഷമേ മറ്റ് നടപടികൾ എടുക്കൂവെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു.