കേരളം
ചക്കിട്ടപ്പാറയിൽ വീണ്ടും പുലി; വളർത്തുനായ്ക്കളെ ആക്രമിച്ചു
കോഴിക്കോട് ചക്കിട്ടപ്പാറയിൽ വീണ്ടും പുലിയിറങ്ങി. ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്താണ് പുലിയിറങ്ങിയത്. പ്രദേശത്തെ വളർത്തുനായ്ക്കളെ കടിച്ച് പരിക്കേൽപ്പിച്ചു. പുലിയിറങ്ങിയതോടെ അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.
കൂട്ടിലടച്ചിരുന്ന രണ്ട് വളർത്തുനായ്ക്കളെയാണ് പുലി കടിച്ചത്. പൂഴിത്തോട് ജെമിനി കുമ്പുക്കലിന്റെ വീട്ടിലെയും പൂഴിത്തോട് സെന്റ് മേരീസ് ഭാഗത്തുള്ള സണ്ണി ഉറുമ്പിലിന്റെയും വീട്ടിലേയും പട്ടികളെയാണ് പുലി അക്രമിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. പെരുവണ്ണാമൂഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇ. ബൈജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചു.
വ്യാഴാഴ്ച രാത്രി പൂഴിത്തോട് കുരിശുപള്ളിക്ക് സമീപത്ത് വച്ച് പുലിയെ കണ്ടതായി പ്രദേശവാസി പറഞ്ഞു. സമീപത്തെ പറമ്പില്‍ നിന്ന് ചാടിയ പുലി റോഡിലൂടെ അടുത്ത പറമ്പിലേക്ക് ഓടിപ്പോയെന്നാണ് പ്രദേശവാസി പറഞ്ഞത്. പൊലീസ് മൈക്കിലൂടെ ജാഗ്രത നിർദേശം നൽകി. രാത്രികാലങ്ങളിലുള്ള സഞ്ചാരവും ഒറ്റയ്ക്കുള്ള സഞ്ചാരവും ജാഗ്രതയോടെ വേണമെന്ന് പൊലീസ് നിര്‍ദേശിച്ചു. കുട്ടികളെ സ്‌കൂളിലയക്കുമ്പോഴും പ്രായമായവര്‍ പുറത്ത് പോകുമ്പോഴും പ്രത്യേക ശ്രദ്ധ വേണമെന്ന് മുന്നറിയിപ്പ് നല്‍കി.