കേരളം
ഭൂമി കയ്യേറ്റം: മാത്യു കുഴല്‍നാടനെതിരെ നടപടിയുമായി റവന്യൂ വകുപ്പ്
ഭൂമി കയ്യേറ്റത്തിന് മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ നടപടിയുമായി റവന്യൂ വകുപ്പ്. ഹിയറിങ്ങിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന് നോട്ടീസ് നല്‍കി. ഒഴിപ്പിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഭൂ സംരക്ഷണ നിയമപ്രകാരമാണ് മാത്യു കുഴല്‍നാടനെതിരെ നടപടിയെടുത്തത്.
ഇടുക്കി ചിന്നക്കനാല്‍ വില്ലേജില്‍ മാത്യു കുഴല്‍നാടന്‍ വാങ്ങിയ സ്ഥലത്തിനോട് ചേര്‍ന്ന് 50 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറിയിരുന്നതായി റവന്യൂ വകുപ്പും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അധികമുള്ള ഭൂമി സംബന്ധിച്ച് എന്തു തീരുമാനമെടുക്കണമെന്ന് നിര്‍ദേശം തേടി ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് കത്തു നില്‍കിയിരുന്നു.
തുടര്‍ന്ന് ഭൂസംരക്ഷണ നിയമപ്രകാരം തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതുപ്രകാരം ചിന്നക്കനാല്‍ വില്ലേജ് ഓഫീസറില്‍ നിന്നും തഹസില്‍ദാര്‍ റിപ്പോര്‍ട്ട് വാങ്ങി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാത്യു കുഴല്‍നാടനെതിരെ തുടര്‍നടപടിയുമായി റവന്യൂ വകുപ്പ് മുന്നോട്ടുപോകുന്നത്.
ആധാരത്തില്‍ ഉള്ളതിനേക്കാള്‍ അധികമായി 50 സെന്റ് കൈവശം വെച്ചതില്‍ കാരണം കാണിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിഷയത്തില്‍ മാത്യു കുഴല്‍നാടന്റെ വാദങ്ങള്‍ ബോധിപ്പിക്കാനും എല്‍ആര്‍ തഹസില്‍ദാര്‍ നല്‍കിയ നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹിയറിങ്ങില്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടുപോകും.