കേരളം
കെഎസ്ആർടിസി സിഎംഡി പദവി ഒഴിയാൻ തയ്യാർ; സന്നദ്ധത അറിയിച്ച് ബിജു പ്രഭാകർ
കെഎസ്ആർടിസി സിഎംഡി പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച് ബിജു പ്രഭാകർ. ഗതാഗത മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കണ്ട് ആവശ്യമുന്നയിച്ചു. കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധിയടക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് രാജി സന്നദ്ധത. ശമ്പള പ്രതിസന്ധിക്ക് കാരണം ധനവകുപ്പെന്ന് ബിജു പ്രഭാകർ ഗതാഗത മന്ത്രിയെ അറിയിച്ചു. അനുവദിച്ച പണം ധനവകുപ്പ് നൽകുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആന്റണി രാജുവും കുറ്റപ്പെടുത്തിയിരുന്നു.
കെഎസ്ആർടിസിക്കും തനിക്കുമെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഒരുങ്ങുകയാണ് ബിജു പ്രഭാകർ. കെഎസ്ആർടിസിയുടെ ശമ്പള പ്രതിസന്ധിയുടെ കാരണം അദ്ദേഹം ഇന്ന് വിശദീകരിക്കും. വരവ് ചെലവ് കണക്കുകൾ പുറത്തുവിടുമെന്ന് ബിജു പ്രഭാകർ പറഞ്ഞു. കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ അവസ്ഥ അഞ്ച് എപ്പിസോഡുകളിലായി വിശദീകരിക്കും. ആദ്യ എപ്പിസോഡ് ഇന്ന് പുറത്തു വരും. ഇന്ന് വൈകുന്നേരം അഞ്ചിന് എഫ് ബി പേജിലൂടെയാണ് അദ്ദേഹം മറുപടി നൽകുക.
എപ്പിസോഡ് 1: കെ എസ് ആർ ടി സിയുടെ നിലവിലെ (ഏപ്രിൽ മാസം വരെയുള്ള) വരവ്,ചിലവ് കണക്കുകൾ ശമ്പളം വൈകുന്നതിൻ്റെ നിജസ്ഥിതി.
എപ്പിസോഡ് 2: എന്താണ് കെ എസ് ആർ ടി സി സ്വിഫ്റ്റ്?എന്തിനാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് ?സ്വിഫ്റ്റ് കെ എസ് ആർ ടി സി യുടെ അന്തകനാണൊ?
എപ്പിസോഡ് 3: ഡി സി പി എന്തിന്?എന്താണ് ഡി സി പി യുടെപ്രധാന്യം ?
എപ്പിസോഡ് 4: റീസ്ട്രക്ച്ചർ 2.0 എന്താണ്? എന്തായിരുന്നു കെഎസ്ആർടിസി?സുശീൽ ഖന്നാ റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ ?
എപ്പിസോഡ് 5: എന്താണ് ഫീഡർ സർവീസ് ?
ജൂൺ മാസത്തെ ശമ്പളം ഇതുവരെയും കിട്ടാതെ വന്നതോടെ സമരത്തിലാണ് കെഎസ്ആർടിസി ജീവനക്കാർ. വെള്ളിയാഴ്ച കോർപറേഷൻ സിഎംഡി ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തിയിരുന്നു. ചീഫ് ഓഫീസിന് മുന്നിലും തൊഴിലാളി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ ഇന്നലെ രാത്രി ജൂൺ മാസത്തെ പകുതി ശമ്പളം വിതരണം ചെയ്തു. എന്നാൽ മുഴുവൻ ശമ്പളം ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ജീവനക്കാരുടെ നിലപാട്.