Covid 19
കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകൾ; രാജ്യത്ത് ഇന്നലെ രണ്ടു ലക്ഷത്തോളം പേര്‍ക്ക് രോഗബാധ
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിന് തൊട്ടടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.99 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നലെ മാത്രം 1,99,620 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.
നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം പതിമൂന്നര ലക്ഷം കടന്നു. 13. 65 ലക്ഷം പേരാണ് ചികില്‍സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന മരണ നിരക്കും തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരം കടന്നു.
മഹാരാഷ്ട്രയില്‍ സ്ഥിതി അതിരൂക്ഷമാണ്. കൊവിഡിന്റെ രണ്ടാം തരംഗം മഹാരാഷ്ട്രയില്‍ ഏറ്റവും രൂക്ഷമാണ്. ഇന്നലെ 60,000 ലേറെ പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
പൂനെയില്‍ മാത്രം 7888 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനം തടയാന്‍ സസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ മഹാരാഷ്ട്രയില്‍ നിലവില്‍ വന്നു. ഡല്‍ഹിയില്‍ 17282 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. യുപിയിലും 15,000 ലേറെ പേര്‍ക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
ഏപ്രില്‍ നാലിനാണ് രാജ്യത്ത് ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം എത്തിയത്. ഏപ്രില്‍ 10 ന് പ്രതിദിന കൊവിഡ് രോഗികള്‍ ഒന്നര ലക്ഷമായി ഉയര്‍ന്നു. ചൊവ്വാഴ്ച രാജ്യത്ത് 1,85,287 പേര്‍ക്കാണ് പുതുതായി രേഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാര്‍ച്ച് ഒന്നിന് പ്രതിദിന രോഗികള്‍ വെറും 12,271 ആയിരുന്നു. അവിടെ നിന്നാണ് രോഗവ്യാപനത്തില്‍ വന്‍ കുതിപ്പ് ഉണ്ടായിരിക്കുന്നത്.