Covid 19
ഭീതി ഒഴിഞ്ഞിട്ടില്ല; ജനിതകമാറ്റം സംഭവിച്ചാലും നേരിടാനാകുമെന്ന് ആരോഗ്യമന്ത്രി
കേരളത്തിൽ നിന്നുള്ള സാമ്പിളുകളിൽ കോവിഡ് ജനിതകമാറ്റം ഉണ്ടോയെന്ന് ഇതുവരെ അറിയിപ്പ് വന്നിട്ടില്ല എന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ.
ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്ത് സ്ഥിരീകരിച്ചതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ബ്രിട്ടനില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. 18 പേർക്കും വലിയ തോതിൽ സമ്പർക്കം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഇവർക്ക് അതിതീവ്ര വൈറസ് ബാധയാണോ എന്നത് ഉറപ്പായിട്ടില്ല. പൂണെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ അയച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. ജനിതക മാറ്റം വന്ന വൈറസ് വന്നാലും അതിനെ കീഴടക്കാൻ കേരളത്തിന് സാധിക്കുമെന്നും കെ കെ ശൈജല വ്യക്തമാക്കി.
Also read: ജനിതകമാറ്റം മാറ്റം സംഭവിച്ച വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു
വീട്ടുകാരുമായി മാത്രമേ മിക്കവർക്കും സമ്പർക്കം വന്നിട്ടുള്ളൂ. നാട്ടിൽ ഇവരുമായി സമ്പർക്കത്തിൽ വന്നവരെയും പരിശോധനയ്ക്ക് വിധേയരാക്കും. കഴിഞ്ഞ 14 ദിവസത്തിനു മുമ്പ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തിയവരിലും ഇനി വരുന്നവരിലും കോവിഡ് ആർടി പിസിആർ പരിശോധന നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നതാണ്.
വൈറസിന് ജനിതകമാറ്റം സംഭവിച്ചാലും നമുക്ക് നേരിടാനാകും എന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. യു.കെ.യിൽ നിന്നും കേരളത്തിലേക്ക് വന്നവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയാണ്. വൈകുന്നേരത്തോടെ പൂർണ്ണ വിവരം പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പൂനെയിലേക്ക് അയച്ച സ്രവങ്ങളുടെ പരിശോധന ഫലം ഇതുവരെ ലഭിച്ചില്ലെന്നും ആരോഗ്യമന്ത്രി.
ഇന്ത്യയിൽ സ്ഥിരീകരിച്ച ആറു കേസുകൾ ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാണ് പരിശോധിച്ചത്. ഡെൻമാർക്ക്, നെതർലാൻഡ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, ജർമ്മനി, കാനഡ, ജപ്പാൻ, ലെബനൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ കേരളത്തിലും വൈറസിന് ജനിതകമാറ്റം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായി നടത്തിയ ഗവേഷണത്തിലാണ് വൈറസുകൾക്ക് ജനിതക മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയത്. എന്നാൽ ഇത് ബ്രിട്ടനിൽ കണ്ടെത്തിയ അതേ വൈറസ് ശ്രേണി തന്നെയാണോയെന്നറിയാൻ കൂടുതൽ ഗവേഷണം നടക്കുകയാണെന്ന് മന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു.