കേരളം
ഇടുക്കി അണക്കെട്ട് ഇന്ന് രണ്ട് മണിക്ക് തുറക്കും; 40 ഘനയടി വെള്ളം ഒഴുക്കും
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. അണക്കെട്ടിന്റെ ഒരു ഷട്ടറാണ് ഇന്ന് തുറക്കുന്നത്. 40 സെന്റിമീറ്ററാണ് ഉയർത്തുന്നത്. സെക്കൻഡിൽ 40 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്.
ശനിയാഴ്ച വൈകീട്ടോടെ അണക്കെട്ട് തുറക്കുമെന്ന് അറിയിപ്പ് വന്നെങ്കിലും പിന്നാലെ അത് പിൻവലിച്ചിരുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് ഷട്ടർ തുറക്കാൻ തീരുമാനിച്ചത്. നിലവിൽ 2398.72 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 2399.03 അടിയിൽ ജലനിരപ്പ് എത്തുമ്പോൾ റെഡ് അലേർട്ട് പ്രഖ്യാപിക്കും.
അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ജാഗ്രതാ നിർദ്ദേശം നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ഒഴുക്കിവിടുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നിരൊഴുക്കും വർധിച്ചിട്ടുണ്ട്. ജലനിരപ്പ് 140 അടിയിലെത്തി. 24 മണിക്കൂറിനുള്ളിൽ ഡാം തുറക്കും. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവ് 900 ഘനയടിയായി വർധിപ്പിച്ചു.
മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെയാണ് അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് ശക്തമാണ്. നാലായിരം ഘനയടി വെള്ളമാണ് ഒഴുകി എത്തുന്നത്. റൂൾ കർവ് പരിധി 141 അടിയാണ്.