കേരളം
തേക്കിൻകാട് മൈതാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി
തൃശൂർ തേക്കിൻകാട് മൈതാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി. ദേവസ്വം ആവശ്യങ്ങൾക്കല്ലാതെ മൈതാനം ഉപയോഗിക്കാൻ ഇനി മുതൽ കോടതിയുടെ അനുമതി വേണം. ദേവസ്വം ബോർഡിന് കിട്ടുന്ന അപേക്ഷകൾ കോടതിയിൽ ഹാജരാക്കി മുൻകൂർ അനുമതി വാങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
തൃശൂർ സ്വദേശി കെബി സുമോദ് എന്നയാളുടെ ഹർജിയിലാണ് ഹൈക്കോടതി ദേവസ്വം ബഞ്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കഴിഞ്ഞ 11നാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. ഉത്തരവിന്റെ പൂർണരൂപം ഇപ്പോഴാണ് പുറത്തു വന്നത്. പൊതു പരിപാടികൾ തേക്കിൻകാട് മൈതാനത്ത് നടത്തരുത്. മൈതാനത്തിനകത്ത് രാഷ്ട്രീയ പാർട്ടികളുടെ കൊടി തോരണങ്ങളും മറ്റും പാടില്ല. മൈതാനം പൂർണമായും പ്ലാസ്റ്റിക് മാലിന്യ മുക്തമായിരിക്കണം. പരസ്യ ബോർഡുകളും പാടില്ല.
നടപ്പാതകൾ കൈയേറുന്നതടക്കമുള്ള കാര്യങ്ങളും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വഴിയാത്രക്കാരെ തടസപ്പെടുത്തരുത്. നടപ്പാതകൾ കൈയേറി രാഷ്ട്രീയ പാർട്ടികൾ യോഗങ്ങൾ സംഘടിപ്പിക്കരുത്. പാതകൾ കൈയേറിയുള്ള കച്ചവടവും അനുവദിക്കില്ല. നിർദ്ദേശങ്ങൾ ലംഘിച്ച് നടപ്പാതകൾ കൈയേറി പൊതുജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചാൽ ബന്ധപ്പെട്ടവർ മറുപടി പറയേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വടക്കുംനാഥൻ ക്ഷേത്രത്തിനു ചുറ്റും 65 ഏക്കറിൽ പരന്നു കിടക്കുന്നതാണ് തേക്കിൻകാട് മൈതാനം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതാണ് ഈ സ്ഥലം. തേക്കിൻകാട് മൈതാനത്തെ ചുറ്റിയാണ് ഒരു മൈതാനത്തെ ചുറ്റിയുള്ള, ഇന്ത്യയിലെ രണ്ടാമത്തെ വലിയ റൌണ്ട് എബൌട്ട് ആയ സ്വരാജ് റൌണ്ട് ഉള്ളത്.
ജല അതോറിറ്റിയുടെ കാര്യാലയവും കുട്ടികളുടെ നെഹ്റു പാർക്കും ഈ മൈതാനത്താണ്. തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റവും വെടിക്കെട്ടും ഇവിടെയാണ് നടക്കുന്നത്. തൃശൂർ പൂരം പ്രദർശനവും മറ്റു വലിയ സമ്മേളനങ്ങളും ഈ മൈതാനത്തു തന്നെയാണ് നടക്കുക. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പതാക ഉയർത്തുന്നതും ജില്ലയിൽ ഗാഡ് ഓഫ് ഓണർ സ്വീകരിക്കുന്നതും ഈ മൈതാനത്തുതന്നെ.
വടക്കും നാഥൻ ക്ഷേത്രത്തിന് മുൻപിലായി മൂന്ന് ആലുകൾ സ്വരാജ് റൗണ്ടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുണ്ട്. വടക്കുനാഥന്റെ മുൻപിലായി നടുവിൽ ആലും (പടിഞ്ഞാറ്) വലത് ഭാഗത്തായി മണികണ്ഠനാലും (തെക്ക്) ഇടത് ഭാഗത്തായി നായ്ക്കനാലും (വടക്ക്) ഉണ്ട്. നടുവിലാലിൽ ഗണപതി പ്രതിഷ്ഠയുണ്ട്. മണികണ്ഠനാലിൽ ഗണപതിയും സുബ്രഹ്മണ്യനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. നിലവിൽ ഉള്ള മണികണ്ഠനാൽ , പഴയത് കട പുഴകി പോയതിന് ശേഷം 1994ൽ വച്ച് പിടിപ്പിച്ചതാണ്.