ദേശീയം
മുന്‍ ഗവര്‍ണറും സിബിഐ ഡയറക്ടറുമായിരുന്ന അശ്വനി കുമാര്‍ മരിച്ച നിലയില്‍.
മുന്‍ നാഗാലാന്‍ഡ് ഗവര്‍ണറും സിബിഐ മേധാവിയും ഹിമാചല്‍ പ്രദേശ് ഡിജിപിയുമായിരുന്ന അശ്വനി കുമാര്‍ (69) ആത്മഹത്യ ചെയ്ത നിലയില്‍. ഷിംലയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പോലീസ് ഐജിയും ഡോക്ടര്‍മാരും സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് അശ്വനി കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടമടക്കമുള്ള നടപടികള്‍ക്കായി മൃതദേഹം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അശ്വനി കുമാര്‍ കുറച്ചുകാലമായി വിഷാദരോഗ ബാധിതനായിരുന്നുവെന്നും കടുത്ത മാനസിക സമ്മര്‍ദ്ദം അദ്ദേഹം അനുഭവിച്ചിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
2008-2010 കാലത്ത് സിബിഐ ഡയറക്ടറായിരുന്നു അശ്വനി കുമാര്‍. അദ്ദേഹം സിബിഐ മേധാവിയായിരുന്നപ്പോഴാണ് ഗുജറാത്തിലെ സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റമുട്ടല്‍ കൊലപാതക കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്തത്. വിവാദമായ ആരുഷി തല്‍വാര്‍ കൊലപാതക കേസും അദ്ദേഹത്തിന്റെ കാലത്താണ് തെളിയിക്കപ്പെട്ടത്.