കേരളം
പ്രതിയുടെ പങ്കാളിയുടെ സ്വത്തുവകകൾ മരവിപ്പിച്ച് എക്സൈസ് വകുപ്പ്
നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ വ്യക്തിയുടെ പങ്കാളിയുടെ സ്വത്തു വകകൾ എക്സൈസ് മരവിപ്പിച്ചു. 2021-ൽ 25 കിലോഗ്രാം കഞ്ചാവുമായി ശിവകുമാർ എന്നും മനോജ് കുമാർ എന്നും പേരുള്ള രണ്ടു പ്രതികളെ തിരുവനന്തപുരം ആന്റിനർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടുകയും NDPS 12/2021 എന്ന ക്രൈം നമ്പറിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
കേസിന്റെ തുടരന്വേഷണത്തിൽ കഞ്ചാവ് കടത്തിന് പിന്നിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ആയിട്ടുള്ള ബാലരാമപുരം അതിയന്നൂർ സ്വദേശി ശാന്തിഭൂഷണാണെന്ന് കണ്ടെത്തി അയാളെ മൂന്നാം പ്രതിയായി കേസിൽ ഉൾപ്പെടുത്തി. ശാന്തിഭൂഷൺ എസ്.ആർ റീമ എന്ന സ്ത്രീയോടൊപ്പം ലിവ് ഇൻ റിലേഷൻഷിപ്പിൽ ആണ് താമസിച്ചിരുന്നത്. ഈ ബന്ധത്തിൽ അവർക്ക് രണ്ട് കുട്ടികളും ഉണ്ട്.
റീമയുടെ പേരിൽ എടുത്ത സിംകാർഡായിരുന്നു ശാന്തിഭൂഷൺ കഞ്ചാവ് കടത്തുകാരുമായുള്ള ഇടപാടിന് ഉപയോഗിച്ചിരുന്നത്. ശാന്തിഭൂഷൺ, കഞ്ചാവ് വില്പനയിലൂടെയും കഞ്ചാവ് കടത്തിലൂടെയും സമ്പാദിച്ച പണമുപയോഗിച്ച് റീമയുടെ പേരിൽ കാട്ടാക്കട കൊറ്റംപള്ളി എന്ന സ്ഥലത്ത് 12 സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഈ സ്ഥലത്ത് ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന ഒരു വീടും ഉണ്ട്.
കേസ് അന്വേഷണത്തിൽ ഇക്കാര്യങ്ങൾ മനസ്സിലാക്കിയ തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ. വിനോദ് കുമാർ മയക്കുമരുന്ന് ഇടപാടുകളിലൂടെ സമ്പാദിച്ച സ്വത്തുവകകൾ മരവിപ്പിക്കുവാൻ ഉള്ള NDPS നിയമത്തിലെ 68 ആം വകുപ്പ് ഉപയോഗിച്ച് റീമയുടെ പേരിലുള്ള 1500 സ്‌ക്വയർഫീറ്റ് വരുന്ന വീടും, 12 സെന്റ് വസ്തുവും മരവിപ്പിക്കുകയായിരുന്നു.ഇതിനെതിരേ റീമ ബന്ധപ്പെട്ട അതോറിറ്റിക്ക് പരാതി നൽകിയെങ്കിലും മരവിപ്പിക്കൽ ശരിവച്ച് കോംപീറ്റന്റ് അതോറിറ്റി കമ്മീഷണർ ഉത്തരവിറക്കി.