ദേശീയം
കോവിഡ് രാജ്യത്തുണ്ടാക്കിയത് വലിയ സാമ്പത്തികാഘാതം; മറികടക്കാന്‍ 12 വര്‍ഷം വേണ്ടിവരുമെന്ന് റിസര്‍വ് ബാങ്ക്
കോവിഡ് മഹാമാരി രാജ്യത്തുണ്ടാക്കിയ സാമ്പത്തികാഘാതം മറികടക്കാന്‍ 12 വര്‍ഷംവരെ വേണ്ടിവന്നേക്കുമെന്ന് റിസര്‍വ് ബാങ്ക്.കോവിഡ് വ്യാപനം തുടങ്ങിയ 2020-’21 സാമ്പത്തികവര്‍ഷം രാജ്യത്തെ വളര്‍ച്ചനിരക്ക് പൂജ്യത്തിനുതാഴെ 6.6 ശതമാനംവരെ ഇടിഞ്ഞിരുന്നു. 2021-’22 സാമ്പത്തികവര്‍ഷം 8.9 ശതമാനം വളര്‍ച്ചയുണ്ടായി. 2022-’23 സാമ്പത്തികവര്‍ഷം 7.2 ശതമാനവും അതിനപ്പുറം 7.5 ശതമാനവുമാണ് പ്രതീക്ഷിക്കുന്ന മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളര്‍ച്ച.
കഴിഞ്ഞ മൂന്നുവര്‍ഷക്കാലത്ത് രാജ്യത്തുണ്ടായ ഉത്പാദനനഷ്ടം 52.4 ലക്ഷംകോടി രൂപയുടേതാണ്. 2020-’21 സാമ്പത്തികവര്‍ഷം 19.1 ലക്ഷംകോടി രൂപ, 2021-’22 സാമ്പത്തികവര്‍ഷം 17.1 ലക്ഷംകോടി, 2022-’23 സാമ്പത്തികവര്‍ഷമിത് 16.4 ലക്ഷംകോടി എന്നിങ്ങനെയാണിത്.കോവിഡ് ഇനിയും അവസാനിച്ചിട്ടില്ല. ഇന്ത്യയില്‍ പ്രാദേശികാടിസ്ഥാനത്തില്‍ സ്ഥിതി വിലയിരുത്തിയാണ് ഇപ്പോള്‍ നിയന്ത്രണങ്ങളുള്ളത്.
അതിനിടയില്‍ റഷ്യയും യുക്രൈനും തമ്മില്‍ നടക്കുന്ന യുദ്ധം ആഗോളതലത്തിലും ആഭ്യന്തരതലത്തിലും സാമ്പത്തികവളര്‍ച്ചയ്ക്ക് പുതിയ വെല്ലുവിളിയായിട്ടുണ്ട്. ഉത്പന്നവിലവര്‍ധന, വിതരണശൃംഖലയിലെ തടസ്സങ്ങള്‍, ഗതാഗതച്ചെലവിലെ വര്‍ധന, അമേരിക്കയില്‍ പണവായ്പനയം വേഗത്തില്‍ സാധാരണനിലയിലേക്കെത്തിക്കാനുള്ള നീക്കം തുടങ്ങിയ ഘടകങ്ങളെല്ലാം ആഗോളതലത്തില്‍ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിന് തിരിച്ചടിയാണ്. ഇതെല്ലാംചേര്‍ന്ന് ഉയര്‍ന്ന പണപ്പെരുപ്പഭീഷണിയും രൂക്ഷമാക്കുന്നു.
ഇതുവരെയുണ്ടായ ഉത്പാദനനഷ്ടം മറികടക്കാന്‍ വളര്‍ച്ചനിരക്ക് ഉയരേണ്ടതുണ്ട്. 6.5 ശതമാനംമുതല്‍ 8.5 ശതമാനംവരെ വളര്‍ച്ച നിലനിര്‍ത്തുകയാണ് മുന്നോട്ടുള്ള യാത്രയില്‍ ആദ്യപടി. 2022-’23 സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ മൂലധനച്ചെലവ് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ഉത്പാദനശേഷി വര്‍ധിപ്പിക്കാന്‍ സഹായകരമാണ്. സ്വകാര്യനിക്ഷേപം ആകര്‍ഷിക്കാനും ഇതില്‍ നിര്‍ദേശിക്കുന്നു. ഇതുവഴി ഉപഭോഗം കൂട്ടാനാകും. 2033-’34 സാമ്പത്തികവര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കോവിഡിനു മുമ്പുണ്ടായിരുന്ന അതേനിലയിലേക്കെത്തും.
വിപണിയില്‍ അധികമായി നിലനില്‍ക്കുന്ന പണലഭ്യത കുറച്ചുകൊണ്ടുവരണം. വിലസ്ഥിരത ഉറപ്പാക്കാനും അധികമുള്ള പണലഭ്യത പിന്‍വലിക്കേണ്ടതുണ്ട്.പൊതുകടം ജി.ഡി.പി.യുടെ 66 ശതമാനത്തിനുമുകളില്‍ പോകുന്നത് വളര്‍ച്ചയ്ക്ക് തിരിച്ചടിയാണ്. അതുകൊണ്ട് കോവിഡനന്തര സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ വളര്‍ച്ച നല്‍കാനായി പ്രാപ്യമായ നിലയിലേക്ക് കടം കുറച്ചുകൊണ്ടുവരണം.
അതേസമയം, അടുത്ത അഞ്ചുവര്‍ഷം പൊതുകടം ജി.ഡി.പി.യുടെ 75 ശതമാനത്തില്‍ താഴെയെത്തിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. പ്രതികൂല സാഹചര്യങ്ങളുണ്ടായാല്‍ ഇത് 90 ശതമാനത്തിലേക്ക് ഉയരാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. മൂലധനത്തിനായി പൊതുമേഖലാബാങ്കുകള്‍ സര്‍ക്കാരിനെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനും പുനര്‍നിര്‍മിതിക്കുമായി ഒട്ടേറെ നിര്‍ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നു. സ്വകാര്യനിക്ഷേപം കുറയുന്ന പ്രവണത ഒഴിവാക്കണം. ഇതിനായി കുറഞ്ഞ ചെലവില്‍ നിയമക്കുരുക്കുകള്‍ ഇല്ലാതെ ഭൂമി ലഭ്യമാക്കണം. തൊഴില്‍മേഖലയുടെ മേന്‍മ വര്‍ധിപ്പിക്കണം. വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യവികസനം എന്നിവയില്‍ വലിയ തോതില്‍ നിക്ഷേപം കൊണ്ടുവരണം. വ്യവസായങ്ങള്‍ക്കു വേണ്ടിവരുന്ന മൂലധനച്ചെലവ് കുറയ്ക്കണം. മത്സരക്ഷമത കൂട്ടി സമ്പദ്വ്യവസ്ഥയില്‍ വിഭവവിതരണം കാര്യക്ഷമാക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.