ക്രൈം
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ആത്മഹത്യ അവധി നല്‍കാത്തതിനാല്‍; ശബ്ദ സന്ദേശം പുറത്ത്
ആത്മഹത്യ ചെയ്ത ചെക്യാട് പഞ്ചായത്തിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ പ്രിയങ്കയുടെ ശബ്ദസന്ദേശം പുറത്ത്. അവധി അപേക്ഷ നിരന്തരം നിരസിച്ചതാണ് മാനസികമായി തകര്‍ത്തെന്നും താന്‍ എന്തെങ്കിലും ചെയ്താല്‍ ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയാണെന്നും പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസമായിരുന്നു പ്രിയങ്ക (26) നെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മാര്‍ച്ച് മാസത്തില്‍ അവധി തരാമെന്ന് പറഞ്ഞെങ്കിലും അക്കാര്യം ചോദിച്ചപ്പോള്‍ 23-ാം തിയ്യതി മുതല്‍ എടുത്തോളുവെന്ന് പറഞ്ഞതെന്നും എന്നാല്‍ പിന്നീട് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അവധി തരില്ലെന്നും അധികൃതര്‍ അവഗണിച്ചെന്നും കുറിപ്പില്‍ പറയുന്നു. അതേസമയം അവധി അപേക്ഷ നിരസിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.
കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയിലാണ് പ്രിയങ്കയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ മുറി തുറക്കാത്തതിനാല്‍ പരിസരവാസികളെത്തി വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. വടകര പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)