കേരളം
ഗ്യാസ് സിലിണ്ടറിലും ക്യൂ ആര്‍ കോഡ്; മോഷണവും ക്രമക്കേടും തടയാന്‍ കേന്ദ്രം
ഗാര്‍ഹിക പാചകവാതക വിതരണം സുഗമമാക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി. സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി പറഞ്ഞു. ഇതോടെ സിലിണ്ടര്‍ വിതരണത്തിലെ ക്രമക്കേടുകള്‍ തടയാനും കാര്യക്ഷമമായി വിതരണം ചെയ്യാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ നടക്കുന്ന വേള്‍ഡ് എല്‍പിജി വീക്ക് എന്ന പരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ സാധ്യതകളും പ്രായോഗികതയും സംബന്ധിച്ച് മന്ത്രി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.
സംവിധാനം നിലവില്‍ വരുന്നതോടെ സിലിണ്ടര്‍ വിതരണത്തിലെ തട്ടിപ്പും മോഷണവും ഉള്‍പ്പടെ തടയാനും കഴിയുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഗ്യാസ് സിലിണ്ടറുകളുടെ ട്രാക്കിങ്, ട്രെയ്‌സിങ് ഉള്‍പ്പടെ പരിശോധിക്കാനും കഴിയും. ആദ്യഘട്ടത്തില്‍ 20,000 ഗ്യാസ് സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് ക്യൂ ആര്‍ കോഡ് നല്‍കിയിട്ടുണ്ട്. വരും മാസങ്ങളില്‍ 14. 2 കിലോ ഗാര്‍ഹിക സിലിണ്ടറിലും കോഡ് ഘടിപ്പിക്കും.