ദേശീയം
ആശങ്കയേറുന്നു; രാജ്യത്ത് ഡെല്‍റ്റ പ്ലസ് ബാധിച്ച് രണ്ടു മരണം കൂടി
കോവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റാ പ്ലസ് രാജ്യത്ത് ആശങ്കയാകുന്നു. ഡെല്‍റ്റ പ്ലസ് ബാധിച്ച് ഇന്ന് രണ്ടു പേര്‍ കൂടി മരിച്ചു. തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലുമാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തത്. മധുര സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
തമിഴ്‌നാട്ടില്‍ ഒമ്പതുപേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. മധ്യപ്രദേശിലും എട്ടുപേരില്‍ ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 20 പേര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 11 സംസ്ഥാനങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
മൈസൂരുവില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ശനന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ആളുകള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കാന്‍ നടപടിയെടുക്കാനും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഡെല്‍റ്റ പ്ലസ് വകഭേദം അതിവേഗം പടരുന്നതാണ്. ഇതിന്റെ വ്യാപനം ആശങ്കയുണ്ടാക്കുന്നു. അതിനാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണം. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് സാവകാശം മതിയെന്നും സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.