ദേശീയം
സ്പെഷ്യൽ മസാല ദോശയോടൊപ്പം സാമ്പാർ നൽകാതിരുന്ന റെസ്റ്റോറന്റിന് പിഴ ചുമത്തി ഉപഭോക്തൃ കോടതി
ഉപഭോക്താവിന് സ്പെഷ്യൽ മസാല ദോശയോടൊപ്പം സാമ്പാർ നൽകാതിരുന്ന റെസ്റ്റോറന്റിന് പിഴ ചുമത്തി ഉപഭോക്തൃ കോടതി. 3500 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഏതാണ്ട് ഒരു വർഷത്തോളം നീണ്ട വാദങ്ങൾക്കൊടുവിലാണ് കോടതിയുടെ വിധി. പിഴ 45 ദിവസത്തിനകം അടക്കണമെന്നും ഇല്ലെങ്കിൽ 8 ശതമാനം അധിക പലിശ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ബിഹാറിലെ ബക്‌സർ ജില്ലയിലാണ് സംഭവം. 2022 ഓഗസ്റ്റ് 15 നാണ് പ്രസ്തുത വിഷയം നടക്കുന്നത്. ജന്മദിനമായതിനാൽ ഒരു മസാല ദോശ കഴിക്കാൻ അഭിഭാഷകനായ മനീഷ് ഗുപ്തയ്ക്ക് ആഗ്രഹം തോന്നി. തുടർന്ന് ബക്‌സർ ജില്ലയിലെ ‘നമക് റെസ്റ്റോറന്റിൽ’ നിന്ന് മനീഷ് ഒരു സ്പെഷ്യൽ മസാലദോശ ഓർഡർ ചെയ്തു. 140 രൂപയായിരുന്നു ദോശയുടെ വില. പാഴ്സൽ തുറന്നപ്പോൾ അതിൽ സാമ്പാർ ഇല്ലായിരുന്നു.
റസ്റ്റോറന്റ് മാനേജരോട് ഇക്കാര്യം പരാതിപ്പെട്ടെങ്കിലും മാനേജർ മോശമായി പെരുമാറിയെന്ന് മനീഷ് ആരോപിച്ചു. 140 രൂപയ്ക്ക് മുഴുവൻ റസ്‌റ്റോറന്റും നൽകാൻ കഴിയില്ലെന്ന് മാനേജർ കളിയാക്കിയെന്നാണ് മനീഷ് പറയുന്നത്. തുടർന്ന് ഉപഭോക്തൃ കമ്മീഷനിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. കേസിന്റെ വാദം 11 മാസത്തോളം നീണ്ടു. ഒടുവിൽ റസ്റ്റോറന്റ് ഉടമ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
കമ്മീഷൻ ചെയർമാൻ വേദ് പ്രകാശ് സിംഗ്, അംഗം വരുൺ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരാതിക്കാരിക്കുണ്ടായ മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾക്ക് 2000 രൂപ പിഴയും 1500 രൂപ പ്രത്യേകം പിഴയും വിധിച്ചു. മൊത്തം പിഴയായ 3500 രൂപ 45 ദിവസത്തിനകം അടക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ 8 ശതമാനം പലിശയും നൽകേണ്ടിവരും.