കേരളം
വണ്ടിപ്പെരിയാര്‍ കേസ് : കോടതി നിരീക്ഷണങ്ങള്‍ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
വണ്ടിപ്പെരിയാര്‍ കേസിലെ വിധി സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതായും എന്താണ് സംഭവിച്ചതെന്ന് ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന ഒന്നല്ല ആ സാഹചര്യം. അത് എന്താണെന്നത് ഗൗരവമായി പരിശോധിക്കും. അതിന്റെ ഭാഗമായി ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. ഇപ്പോള്‍ തന്നെ അപ്പീല്‍ പോകുന്നതുമായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കോടതിയുടെ നിരീക്ഷണത്തിന്റെ ഭാഗമായി ചില ഭാഗങ്ങള്‍ വന്നിട്ടുണ്ട്. അത് ഗൗരവമായി പരിശോധിക്കുകയും ചെയ്യും’- മുഖ്യമന്ത്രി പറഞ്ഞു.
നവംബര്‍ 18 ന് ആരംഭിച്ച നവകേരള യാത്ര പതിനൊന്നാമത്തെ ജില്ലയിലാണ് ഇന്നലെ കടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ ജനമുന്നേറ്റമായി നവകേരള സദസ്സ് മാറിയിരിക്കുന്നു. ഓരോ മണ്ഡല കേന്ദ്രങ്ങളിലും നേരിട്ടെത്തുന്ന ജനാവലി മാത്രമല്ല, വഴിയോരങ്ങളിലാകെ കാത്തുനിന്ന് അഭിവാദ്യം ചെയ്യുന്ന ആയിരങ്ങള്‍ ഇതില്‍ പങ്കാളികളാവുകയാണ്.
സമരപോരാട്ടങ്ങളുടെ തീക്ഷ്ണമായ ജീവിതം നയിച്ചു മുന്നേറിയവരാണ് നമ്മുടെ നാട്ടിലെ കര്‍ഷക തൊഴിലാളികളും കയര്‍ തൊഴിലാളികളും. ആലപ്പുഴയുടെ മണ്ണില്‍ നില്‍ക്കുമ്പോള്‍ കയര്‍ മേഖലയെ സ്പര്‍ശിക്കാതെ പോകാന്‍ കഴിയില്ല.. കേരളം രൂപീകൃതമായ വേളയില്‍ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷികേതര മേഖല കയര്‍ വ്യവസായമായിരുന്നു. പിന്നീടത് കിതപ്പിലായെങ്കിലും ഇന്ന് കയര്‍ മേഖല ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ്.