ദേശീയം
ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ചിറ്റ്
2002ലെ ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്കിയ എസ്.ഐ.ടി നടപടിക്കെതിരെ കൊല്ലെപ്പട്ട മുന്‍ എം.പി ഇഹ്സാന്‍ ജാഫ്രിയുടെ വിധവ സകിയ ജാഫ്രി നല്കിയ ഹരജിയില്‍ ഏപ്രില്‍ 13ന് വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനം.
തീയതി നീട്ടിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു അപേക്ഷയും ഇനി പ്രോല്‍സാഹിപ്പിക്കില്ലെന്നും സകിയ ജാഫ്രിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലിനെ ജസ്റ്റിസ് എ.എം ഖാന്‍വില്‍കര്‍ നേതൃത്വം നല്കുന്ന ബെഞ്ച് അറിയിച്ചു. നീട്ടിവെക്കാനുള്ള ഹരജിയെ എതിര്‍ത്ത, ഗുജറാത്ത് സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അടുത്ത ആഴ്ച തന്നെ വാദം കേള്‍ക്കണമെന്ന് അഭ്യര്‍ഥിച്ചു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സിവില്‍ കേസുകളിലും പ്രധാന മന്ത്രി നരേന്ദ്ര മോദി കുറ്റവിമുക്തനായിരുന്നു . 22 കോടി രൂപയായിരുന്നു പരാതിക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം.
ഇമ്രാന്‍ സലീം ദാവൂദ്, ബ്രിട്ടീഷ് പൗരന്മാരായ ഷിറിന്‍ ദാവൂദ്, ഷമീമ ദാവൂദ് എന്നിവരാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നരേന്ദ്ര മോദിക്കെതിരെ സിവില്‍ കേസുകള്‍ ഫയല്‍ ചെയ്തത്. ബ്രിട്ടീഷ് പൗരന്മാരായതിനാല്‍ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികള്‍ സാക്ഷികളായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയിലെത്തിയിരുന്നു. ഹര്‍ജിയില്‍ വാദം കെട്ട സബര്‍കാന്ത ജില്ലയിലെ താലൂക്ക കോടതി മൂന്ന് കേസുകളില്‍ നിന്നും നരേന്ദ്രമോദിയെ ഒഴിവാക്കി.
കുറ്റകൃത്യം നടന്ന സ്ഥലത്ത്, ആ സമയം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ വാദിഭാഗത്തിന് ആയില്ല. നരേന്ദ്ര മോദിയുടെ അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ചാണ് പ്രാന്തിജ് താലൂക്ക കോടതിയുടെ നടപടി. ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ ഗോര്‍ധാന്‍ സദാഫിയ, അന്തരിച്ച മുന്‍ ഡിജിപി കെ. ചക്രവര്‍ത്തി, മുന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി അശോക് നാരായണ്‍, അന്തരിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ അമിതാഭ് പഥക്ക്, ഇന്‍സ്‌പെക്ടര്‍ ഡി. കെ. വണിക്കര്‍ എന്നിവരേയും കുറ്റവിമുക്തരാക്കി.
2002 ഫെബ്രുവരി 28നായിരുന്നു അന്ന് 18 വയസ് പ്രായമുണ്ടായിരുന്ന ബ്രിട്ടീഷ് പൗരന്മാര്‍ ഇന്ത്യയിലെത്തിയത്. ഇമ്രാന്‍ ദാവൂദ്, അമ്മാവന്മാരായ സയീദ് ദാവൂദ്, ഷക്കീല്‍ ദാവൂജ്, മുഹമ്മദ് അസ്വാത്ത് എന്നിവര്‍ക്കൊപ്പം ആദ്യമായി ഇന്ത്യയിലെത്തിയതായിരുന്നു. ഇവര്‍ ജയ്പൂരിലും ആഗ്രയിലും മറ്റും പോയി സബര്‍കാന്തയിലെ വീട്ടിലേയ്ക്ക് മടങ്ങുംവഴി ഒരു സംഘം ഇവരെ ആക്രമിച്ചു. പ്രാന്തിജില്‍ വച്ച് നടന്ന ആക്രമത്തില്‍ ഇവര്‍ സഞ്ചരിച്ച ടാറ്റ സുമോയ്ക്ക് തീയിടുകയുമായിരുന്നു.