കേരളം
കിഴക്കമ്പലത്ത് പട്ടാളമിറങ്ങി; സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് പൊലീസും
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കിഴക്കമ്പലത്ത് സുരക്ഷയൊരുക്കാൻ സിഐഎസ്എഫ് (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്) എത്തി. സിഐഎസ്എഫും പൊലീസും സംയുക്ത മാര്‍ച്ച് നടത്തി. ജനങ്ങളില്‍ സുരക്ഷാ ബോധവല്‍ക്കരണം നല്‍കുന്നതിന്‍റെ ഭാഗമായാണ് മാര്‍ച്ച് നടത്തിയത്. പെരുമ്പാവൂര്‍ ഡിവൈഎസ്‌പി എന്‍ആര്‍ ജയരാജ്, സിഐഎസ്എഫ് അസിസ്റ്റന്‍റ് കമാണ്ടന്‍റ് വികാസ്, ഇന്‍സ്‌പെക്ടര്‍ വിശ്വജിത് സര്‍ക്കാര്‍ തുടങ്ങിയവര്‍ മാർച്ചിന് നേതൃത്വം നല്‍കി.
സിഐഎസ്എഫിന്‍റെ ഒരു കമ്പനിയും അമ്പതോളം പൊലീസ് ഉദ്യോഗസ്ഥരും മാര്‍ച്ചില്‍ പങ്കെടുത്തു. അന്ന ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് കിഴക്കമ്പലം സെന്‍റ് ജോസഫ് സ്‌കൂളില്‍ സമാപിച്ചു. കുന്നത്തുനാട്ടില്‍ തെരഞ്ഞടുപ്പ് സുരക്ഷയൊരുക്കാന്‍ കഴിഞ്ഞ ദിവസമാണ് 90 പേരടങ്ങുന്ന ബറ്റാലിയന്‍ കിഴക്കമ്പലത്ത് എത്തിയത്. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിനുണ്ടായ സംഘര്‍ഷങ്ങള്‍ മുന്നില്‍ കണ്ടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ കുന്നത്തുനാട്ടിലേയ്ക്ക് കേന്ദ്ര സേനയെ നിയോഗിച്ചത്.
കുന്നത്തുനാട് പൊലീസിന് കീഴിലാകും സേനയുടെ പ്രവര്‍ത്തനം. ചതുഷ്‌കോണ മത്സരം ശക്തമാകാനിടയുള്ള സംസ്ഥാനത്തെ അപൂര്‍വം നിയോജക മണ്ഡലങ്ങളിലൊന്നാണ് കുന്നത്തുനാട്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളെ കൂടാതെ ട്വന്‍റി ട്വന്‍റിയും മത്സര രംഗത്തേയ്ക്ക് എത്തുന്ന ഇവിടെ പ്രവചനാതീതമായ മത്സരമാണ് നടക്കുക. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട്ടില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെടുക്കുകയും വോട്ടര്‍മാരെ ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെയാണ് കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്.