ദേശീയം
കൽക്കരി ക്ഷാമം; 657 ട്രെയിനുകൾ റദ്ദാക്കി
രാജ്യം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് അതിവേഗത്തിൽ കൽക്കരി എത്തിക്കാൻ നടപടി സ്വീകരിച്ച് ഇന്ത്യൻ റെയിൽവേ. താപവൈദ്യുതി നിലയങ്ങളിൽ കൽക്കരി വേഗത്തിൽ എത്തിക്കുന്നത് സുഗമമാക്കാൻ രാജ്യത്തൊട്ടാകെ 657 ട്രെയിനുകൾ റദ്ദാക്കി. പാസഞ്ചർ, മെയിൽ, എക്സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്.
കൽക്കരി ക്ഷാമത്തെ തുടർന്ന് താപവൈദ്യുതി നിലയങ്ങൾ പൂർണതോതിൽ പ്രവർത്തിക്കാൻ കഴിയാതെ വന്നതോടെ വിവിധ സംസ്ഥാനങ്ങൾ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. താപ വൈദ്യുതി നിലയങ്ങളിൽ ആവശ്യമായ സ്റ്റോക്കിന്റെ നാലിലൊന്ന് മാത്രമാണ് ശേഖരമായിട്ടുള്ളത്. വരും ദിവസങ്ങളിൽ ഇത് ഉപയോഗിച്ച് തീരുന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് കണ്ടാണ് റെയിൽവേയുടെ നടപടി. രാജ്യമൊട്ടാകെ അതിവേഗത്തിൽ 400 റേക്ക് കൽക്കരി എത്തിച്ച് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കാണാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് 240 പാസഞ്ചർ ട്രെയിനുകൾ ഇതിനോടകം റദ്ദാക്കിയത്.
ഗുഡ്സ് ട്രെയിനുകൾ ഓടുന്ന മുറയ്ക്ക് കൂടുതൽ ട്രെയിനുകൾ റദ്ദാക്കാനും റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. ഏകദേശം 650 ട്രെയിനുകൾ റദ്ദാക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. ഇതിൽ 500 മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടുന്നു. സാധാരണനിലയിലാകുന്ന മുറയ്ക്ക് പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കും.