കേരളം
പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് പൂർത്തിയാക്കണം; കേരള പത്രപ്രവർത്തക അസോസിയേഷൻ
കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് സർക്കാർ എത്രയും വേഗം പൂർത്തിയാക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഗ്രാമങ്ങളുടെ വികസനത്തിലും വിഷയങ്ങൾ പൊതു സമൂഹത്തിൻ്റെയും, അധികൃതരുടെയും മുന്നിലെത്തിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നത് പ്രാദേശിക മാധ്യമ പ്രവർത്തകരാണ്.
പ്രാദേശിക മാധ്യമ പ്രവർത്തകർ തുശ്ചമായ വേതനം കൈപ്പറ്റിയാണ് ജോലി ചെയ്യുന്നത്. ജില്ലാ തല അക്രഡീറ്റേഷൻ ഇല്ലാത്തതിനാലും കണക്കെടുപ്പ് പൂർത്തിയാക്കാത്തതിനാലും പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് അർഹമായ സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണ് എന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് പ്രസ്തുത വിഷയങ്ങളിൽ അടിയന്തര നടപടിയുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കുഞ്ഞു മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റിയംഗം എൽദോസ് കണ്ണാംപറമ്പൻ, ജില്ലാ ട്രഷറർ പോൾ സി ജേക്കബ്ബ്, ജില്ലാ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ, ജോയിന്റ് സെക്രട്ടറി സനൂപ് കുട്ടൻ, അനിൽ എബ്രഹാം, ജോജു ജോസഫ് എന്നിവർ സംസാരിച്ചു.