കേരളം
കോവിഡ് പരിശോധന : ബി.പി.എല്ലുകാർക്ക് സ്വകാര്യ ആശുപത്രിയിലും സൗജന്യം
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സ്വകാര്യ ആശുപത്രികളിലടക്കം കോവിഡ് റാപിഡ് ആന്റിജൻ പരിശോധന സർക്കാർ സൗജന്യമാക്കി.
ആരോഗ്യപ്രവർത്തകർ, ആശമാർ, റവന്യൂ, സിവിൽ സപ്ലൈസ്, പൊലീസ്, തദ്ദേശവകുപ്പ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, കോവിഡ് സന്നദ്ധപ്രവർത്തകർ എന്നിവർക്കും റാപിഡ് ആന്റിജൻ പരിശോധന സൗജന്യമായിരിക്കുമെന്ന് ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
ബിപിഎൽ കുടുംബങ്ങളിലെ 60 വയസ്സിനു മുകളിലുള്ളവർ, ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ, പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങൾ എന്നിവരിലായി ജില്ലയിൽ ഓരോ ദിവസവും 100 പരിശോധനവീതം നടത്തണം.
സർക്കാർ ലാബിൽ പരിശോധനയ്ക്ക് കാലതാമസമുണ്ടെങ്കിൽ ആരോഗ്യവകുപ്പ് ഇദ്യോഗസ്ഥരുടെ അനുമതിയോടെ സർക്കാർ അംഗീകാരമുള്ള ലാബുകളിൽ പരിശോധിക്കാം.
ഇതിനായി ജില്ലാ ദുരന്തനിവാരണ ഫണ്ടിൽനിന്ന് പണം ചെലവിടാം.
റയിൽവേ സ്‌റ്റേഷനിലും ചെക്ക് പോസ്റ്റുകളിലും 625 രൂപ നിരക്കിൽ പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങാനും കലക്‌ടർമാർക്ക് നിർദേശമുണ്ട്.
സർക്കാർ, സ്വകാര്യ ലാബുകളിൽ പരിശോധിക്കുന്ന ബിപിഎൽ കുടുംബങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും പ്രത്യേക ഡാറ്റബേസ് ഉണ്ടാക്കണം.
ഓരോദിവസത്തെയും റിപ്പോർട്ട് ആരോഗ്യ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.